പൊലീസ് ചെരിപ്പു തട്ടിയെടുത്തു; നഗ്നപാദയായി സമരം തുടരും; വീറോടെ കർഷകസ്ത്രീ; വി‍ഡിയോ

noida-woman-farmers-protest
SHARE

കാർഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷക സമരവേദിയിൽ നിന്നും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും വിളിച്ചോതുന്ന നിരവധി മുഖങ്ങളാണ് ഉയർന്നുവരുന്നത്. അക്കൂ‍ട്ടത്തില്‍ ശ്രദ്ധ നേടുകയാണ് നോയ്ഡ സ്വദേശിയായ ഒരു സ്ത്രീയും. പൊലീസ് തന്റെ ചെരിപ്പ് തട്ടിക്കൊണ്ടുപോയി, എങ്കിലും ഞാനടങ്ങില്ല, സമരം തുടരുക തന്നെ ചെയ്യും എന്ന് ഇവര്‍ ഉറക്കെ വിളിച്ചുപറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

''താക്കൂർ ഗീത ഭാരതി എന്നാണ് എന്റെ പേര്. കിസാൻ ഏക്ത സംഘ് സ്ത്രീവിഭാഗം അധ്യക്ഷയാണ്. പൊലീസും സർക്കാരും എന്റെ ചെരിപ്പ് തട്ടിയെടുത്തു. ഞങ്ങൾ സമരം നിർത്തുമെന്നാണ് അവരുടെ വിചാരം. പക്ഷേ, നഗ്നപാദയായി ഞാൻ സമരം തുടരും. അവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യും. ഞാൻ വളരെ കഷ്ടപ്പെട്ടാണ് ആ ഒരു ജോ‍ഡി ചെരുപ്പ് വാങ്ങിയത്. ഇനിയെനിക്കത് എങ്ങനെ വാങ്ങാൻ സാധിക്കും. സർക്കാർ എന്റെ ചെരുപ്പ് തിരികെ തരണം'', വിഡിയോയിൽ ഗീത പറയുന്നതിങ്ങനെ.

നിരവധി ആളുകൾ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച് സമരവേദിയിലെത്തി ഈ സ്ത്രീയെ കാണണം എന്നു പറയുണ്ട്. 

അതിർത്തികൾ സ്തംഭിപ്പിച്ച് കർഷക പ്രതിഷേധം ആളിക്കത്തുകയാണ്. കർഷക സംഘടനകൾ നാളെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പിന്തുണയേറുകയാണ്. സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു.  

യുപി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ അതിർത്തികളിലെത്തി. കർഷക സംഘടനകൾ നാളെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇതുവരെ 18 പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു. കർഷക പ്രതിഷേധതിന്റെ ശ്രദ്ധ കേന്ദ്രമായ സിംഗു അതിർത്തിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  നേരിട്ടെത്തി.

അദാനി-അംബാനി കാർഷിക നിയമങ്ങൾ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകര്യമല്ലെന്നു  രാഹുൽ ഗാന്ധി പ്രതികരിച്ചു. കനൗജിലെ കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ യുപി പൊലീസ് തടഞ്ഞു. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ്‌ എംപി മാർ ജന്തർ മന്തറിൽ പ്രതിഷേധിച്ചു. അതേസമയം ബന്ദിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ ഡൽഹി പോലീസ് സുരക്ഷ വർധിപ്പിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...