‘വന്നിട്ടേന്ന് സൊല്ല്’; രജനി പുതു എംജിആറോ; മനക്കോട്ട കെട്ടി ബിജെപി; പക്ഷേ

rajini-new-move
SHARE

തമിഴകത്ത് സ്റ്റൈൽ മന്നൻ രജനികാന്ത് ആരാധകർ ആഘോഷത്തിലാണ്. ‘നമ്മ തലൈവർ.. അടുത്ത എംജിആർ..’ എന്നിങ്ങനെ വാഴ്ത്തുകൾ. പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. 2021 ജനുവരിയിലായിരിക്കും പാർട്ടി പ്രവർത്തനം ആരംഭിക്കുന്നത്. ആത്മീയ വിഷയത്തിൽ ഏറെ താതപര്യം കാണിക്കുന്ന രജനിയുടെ പാർട്ടിയും അത്തരത്തിൽ മുന്നോട്ടുപോകുമോ എന്ന് കാത്തിരുന്ന് കാണണം. അങ്ങനെയെങ്കിൽ അത്  ബിജെപി രാഷ്ട്രീയത്തോട് ചേർത്ത് കെട്ടാനുള്ള സാധ്യതകളും ഏറും. അങ്ങനെ വന്നാൽ രാഷ്ട്രീയക്കാരനായ എംജിആറിനെ പോലെ തമിഴ് മക്കളുടെ മനസിൽ അനായാസം വേരുറപ്പിക്കാൻ ഇപ്പോഴത്തെ മാറിയ തമിഴക രാഷ്ട്രീയത്തിൽ രജനികാന്തിന് കഴിയില്ലെന്നാണ് വിലയിരുത്തൽ.

അതേ സമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്നാട് സന്ദർശിപ്പോൾ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചർച്ച ചെയ്തതായാണ് സൂചന. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ രജനീകാന്ത് തയാറായിട്ടില്ല. താൻ എന്തു തീരുമാനമെടുത്താലും അതിനെ പിൻതുണയ്ക്കുമെന്ന് ജില്ലാതല സമതികൾ അറിയിച്ചതായി രജനീകാന്ത് പറഞ്ഞിരുന്നു. അതേസമയം 69 കാരനായ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടുന്നതിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 

രജനിയുടെ വരുമെന്ന് അറിയിച്ചതോടെ, രജനി- കമൽഹാസൻ യുദ്ധമായി രാഷ്ട്രീയം മാറുമോയെന്ന വിലയിരുത്തൽ ചില ഭാഗങ്ങളിലുയരുന്നുണ്ട്. ഇരുവരുടെയം രാഷ്ട്രീയ വഴികൾ വ്യത്യസ്തമാണ്. ദ്രാവിഡ രാഷ്ട്രീയത്തിൽനിന്നു മാറി, ആത്മീയതയുടെ വഴിയാണു തന്റേതെന്നു രജനിയും ഇടതുഅനുഭാവം പ്രകടിപ്പിക്കുന്ന കമലും ഒരുമിച്ച് പോരടിച്ചാൽ അതിൽ ആരു നേടും എന്നത് സങ്കീർണമായ ഒരു തമിഴ് തിരക്കഥ പോലെയാകും.

രജനി അടുത്ത എംജിആറോ?

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എംജിആറുമായി താരതമ്യപ്പെടുത്താൻ രണ്ടു കാരണങ്ങളുണ്ട്. എംജിആർ സ്വന്തം രസികർ മന്റങ്ങളെയാണ് അണ്ണാഡിഎംകെ പാർട്ടിയായി കെട്ടിപ്പടുത്തത്. ആ കണക്കെടുപ്പിൽ രജനിക്ക് എംജിആറിനോളം ശക്തിയുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരുടെ നായകരായിരുന്നു ഇരുവരും എന്നതാണു മറ്റൊരു സാമ്യം.

എന്നാൽ, അണ്ണാഡിഎംകെ രൂപീകരിക്കുന്നതിനു മുൻപ് എംജിആറിനുണ്ടായിരുന്ന രാഷ്ട്രീയ അടിത്തറ രജനിക്ക് അവകാശപ്പെടാനില്ല. അണ്ണാദുരൈയ്ക്കു കീഴിൽ ദ്രാവിഡ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ശേഷമാണ് എംജിആർ സ്വന്തം പാർട്ടി രൂപീകരിച്ചത്. ഡിഎംകെയുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി എംജിആറിനെ സിനിമയിൽ അണ്ണാദുരൈ തന്നെ പാവങ്ങളുടെ പടത്തലവനായി അവതരിപ്പിച്ചു.

പിന്നീട് അണ്ണായുടെ മരണശേഷം സ്വന്തം പാർട്ടി രൂപീകരിച്ചപ്പോൾ ആ ഏഴൈതോഴൻ പ്രതിഛായ എംജിആറിനെ തുണച്ചു. രജനിയാകട്ടെ, സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പോലും അഭിപ്രായം പറയാൻ തയാറാകാതെ ഒളിച്ചുകളി നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. ജയലളിതയും എംജിആറിനു കീഴിൽ പാർട്ടി പ്രവർത്തനം നടത്തിയശേഷമാണ് തലപ്പത്തേക്കു വരുന്നത്.

എംജിആർ, ജയലളിത എന്നിവരുടെ രാഷ്ട്രീയ വിജയം പക്ഷേ, രജനിക്കു ചില ശുഭസൂചനകളും നൽകുന്നുണ്ട്. രണ്ടു പേർക്കുമെതിരെ എതിരാളികൾ ഉയർത്തിയ പ്രധാന ആരോപണം തമിഴരല്ലെന്നതായിരുന്നു. രജനിയും അതേ ആരോപണം നേരിടുന്നു. സംസ്ഥാനത്തെ പ്രമുഖ ജാതിയിൽപ്പെട്ടവരല്ലെന്നത് ഇരുവരെയും എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത നേടാൻ സഹായിച്ചു. രജനിക്കും ആ ആനുകൂല്യമുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...