ബച്ചന്റെ ചോദ്യം; ഹിന്ദു വികാരം വ്രണപ്പെടുത്തി; പരാതിയുമായി ബിജെപി എംഎൽഎ

bachchan-bjp
SHARE

ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ടിവി ഷോ ‘കോൻ ബനേഗാ ക്രോർപതി’ക്കെതിരെ മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ. ടിവി ഷോ, ഹിന്ദു വികാരം വ്രണപ്പെടുത്തിയതായും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎ അഭിമന്യു പവാർ പൊലീസിൽ പരാതി നൽകിയത്. ലത്തൂർ എസ്പി നിഖിൽ പിംഗലിനാണ് പരാതി നൽകിയിട്ടുള്ളത്.

വെള്ളിയാഴ്ച നടന്ന ‘കരംവീർ സ്‌പെഷ്യൽ’ എപ്പിസോഡിലെ ചോദ്യമാണു പവാറിനെ അസ്വസ്ഥനാക്കിയത്. ഹിന്ദുക്കളെ അപമാനിക്കാനും ഐക്യത്തോടെ ജീവിക്കുന്ന ഹിന്ദുക്കളും ബുദ്ധമതക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം സൃഷ്ടിക്കാനും ശ്രമം നടന്നെന്നാണു പരാതിയിൽ ആരോപിക്കുന്നത്. പൊലീസിനു നൽകിയ പരാതിയുടെ പകർപ്പ് പവാർ സമൂഹമാധ്യമത്തിലും പങ്കുവച്ചു.

സാമൂഹിക പ്രവർത്തകൻ ബെസ്‍വാഡ വിൽസണും നടൻ അനൂപ് സോണിയും ആയിരുന്നു വിവാദ എപ്പിസോഡിൽ ഹോട്ട്സീറ്റിൽ ഉണ്ടായിരുന്നത്. 6.40 ലക്ഷം രൂപയ്ക്കുള്ള ചോദ്യമാണ് പവാറിന് ഇഷ്ടപ്പെടാതിരുന്നത്. 1927 ഡിസംബർ 25ന് ഡോ. ബി.ആർ.അംബേദ്കറും അനുയായികളും എന്തിന്റെ പകർപ്പുകളാണ് കത്തിച്ചത് എന്നായിരുന്നു ചോദ്യം. വിഷ്ണു പുരാണം, ഭഗവദ്ഗീത, ഋഗ്വേദം, മനുസ്മൃതി എന്നീ നാലു ഓപ്ഷനുകളും നൽകി. ജാതി വിവേചനത്തെയും തൊട്ടുകൂടായ്മയെയും പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കുന്ന മനുസ്മൃതിയെ അംബേദ്കർ അപലപിച്ചെന്നു ബച്ചൻ പിന്നീടു പറയുകയും ചെയ്തു.

ബച്ചന്റെ ചോദ്യം ഹിന്ദു മതഗ്രന്ഥങ്ങൾ കത്തിക്കാനുള്ളതാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഹിന്ദുക്കളും ബുദ്ധമത അനുയായികളും തമ്മിലുള്ള ശത്രുതയ്ക്കു കാരണമാകുന്നു. ഇതു ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുത്തയാളായിരുന്ന പവാർ പറഞ്ഞു. ടിവി ഷോ ‘ഇടതുപക്ഷ പ്രചാരണം’ നടത്തുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ മറ്റു ചിലരും ആരോപിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...