ധീരജവാന്റെ മൃതദേഹം തോളിലേറ്റി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; സല്യൂട്ട്

cm-chhattisgarh-army
SHARE

രാജ്യത്തിനായി ജീവൻ കൊടുത്ത ധീര ജവാന്റെ മൃതദേഹം ചുമലിലേറ്റി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഇന്ത്യാ– ചൈനാ അതിർത്തിയിൽ വീരമൃത്യു വരിച്ച 27 വയസുള്ള ഗണേഷ് റാം എന്ന ജവാന്റെ മൃതദേഹമാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഏറ്റുവാങ്ങിയത്. ഛത്തീസ്ഗഡിലെ കങ്കർ സ്വദേശിയാണ് ഗണേഷ്. ജവാന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലിയും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനൊപ്പം ഗണേഷ് റാമിന്റെ ഗ്രാമത്തിലെ സർക്കാർ സ്കൂളിന് ധീരജവാന്റെ പേര് നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം  ചൈനീസ് അതിർത്തിയിൽ അപ്രതീക്ഷിതനീക്കങ്ങളുമായി ഇന്ത്യൻ വ്യോമസേന. യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം വിന്യസിച്ചു. അതിനിടെ, വ്യോമസേന മേധാവി ആർ.കെ.എസ്. ബധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദർശനത്തിനായി ലഡാക്കിലെത്തിയിരുന്നു. ലേ, ശ്രീനഗർ വ്യോമ താവളങ്ങൾ അദ്ദേഹം സന്ദർശിക്കും. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും സൈനിക നീക്കങ്ങൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.

20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ചൈനയ്ക്കെതിരായി സൈനിക നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു ബധുരിയയുടെ സന്ദർശനം. പെട്ടെന്നൊരു സൈനിക നടപടി ആവശ്യമായാൽ അതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണു വ്യോമസേനാ മേധാവി കിഴക്കൻ ലഡാക്കിലേക്കു സന്ദർശനം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രകോപനം തുടരുന്നതിനിടെ അതിർത്തിയിൽ ചൈന 10,000ത്തിലധികം സൈനികരെയാണു വിന്യസിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

ഈമാസം 17നു ലേ സന്ദർശിച്ച വ്യോമസേന മേധാവി അതിനടുത്ത ദിവസം ശ്രീനഗർ സൈനിക താവളവും സന്ദർശിച്ചിരുന്നു. കിഴക്കൻ ല‍ഡാക്കിനോട് ഏറ്റവും ചേർന്നു കിടക്കുന്ന ഇവിടമാണ് ചൈനയ്ക്കു മുകളിൽ ആക്രമണം നടത്താൻ അനുയോജ്യം. അതേസമയം, വ്യോമസേന മേധാവിയുടെ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാൻ സേനാ വക്താവ് തയാറായില്ല.

സുഖോയ്–30 എംകെഐ, മിറാഷ് 2000, ജാഗ്വർ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ മുന്തിയ യുദ്ധവിമാനങ്ങൾ ഇവിടേക്കു മാറ്റിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നിർദേശം ലഭിച്ചാല്‍പോലും ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്. ലഡാക്ക് മേഖലയിൽ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കൻ അപ്പാഷെ അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സൈനികരെ ഇവിടേക്ക് എത്തിക്കുന്നതിനായി ലേ വ്യോമതാവളത്തിലും അതോടു ചേർന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...