ഇക്കണോമി ക്ലാസിൽ ഐഎസ്ആർഒ ചെയർമാന്റെ യാത്ര; എളിമയെ വാഴ്ത്തി യാത്രക്കാർ; വൈറൽ വിഡിയോ

k-shivan-flight
SHARE

വീണ്ടും വിസ്മയിപ്പിക്കുകയാണ് ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ചെയർമാൻ ഡോ. കെ.ശിവൻ. ചന്ദ്രയാൻ 2 പൂർണവിജയം കൈവരിക്കാൻ കഴിയാത്തതിൽ നിരാശനായ അദ്ദേഹത്തെ പ്രധാനമന്ത്രിയും രാജ്യവും സ്നേഹം കൊണ്ടാണ് ആശ്വസിപ്പിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു യാത്രാ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. ഇൻഡിഗോ വിമാനത്തിൽ ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ മറ്റു യാത്രക്കാരോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നതും സെൽഫി എടുക്കാൻ നിന്നുകൊടുക്കുന്നതും വിഡിയോയിൽ കാണാം. രാജ്യത്തിന്റെ അഭിമാനമായ ഇൗ മനുഷ്യന്റെ എളിമ കണ്ടുപഠിക്കണമെന്നാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. 

കേരളത്തോട് ചേർന്ന് കന്യാകുമാരിയിലെ തരക്കൻവിളയിൽ ജനിച്ച ശിവൻ, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാഗർകോവിൽ ഹിന്ദു കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകൾക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽനിന്ന് 1980ൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‍സിയിൽ നിന്ന് 1982ൽ എയ്റോസ്പേസ് എൻജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിൽ നിന്ന് 2006ൽ പിഎച്ച്ഡിയും സ്വന്തമാക്കി. 

‘പഠനമായാലും ജോലിയായാലും നൂറുശതമാനം ആത്മാർഥത വേണം. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പഠിക്കാനയച്ച രക്ഷിതാക്കൾ, നാഗർകോവിലെ സർക്കാർ സ്കൂൾ മുതൽ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിവരെയുള്ള സ്ഥാപനങ്ങളിലെ അധ്യാപകർ, ഐഎസ്ആർഒയിലെ ഡോ.ജി. മാധവൻ നായർ ഉൾപ്പെടെ മുതിർന്ന ശാസ്ത്രജ്ഞർ, സഹപ്രവർത്തകർ എന്നിവരോടൊക്കെ തീർത്താൽ തീരാത്ത കടപ്പാടുണ്ട്. എല്ലാത്തിനുമുപരി ഈശ്വരാനുഗ്രഹവും. ശാസ്ത്രം ഇത്ര വികസിച്ചിട്ടും നമുക്ക് അറിയാത്ത എത്രയോ കാര്യങ്ങൾ പ്രപഞ്ചത്തിൽ നടക്കുന്നില്ലേ? അതു നടത്തുന്ന ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു, ആ ശക്തിയെ ബഹുമാനിക്കുന്നു’– ഇസ്രോ ചെയര്‍മാനായ ശേഷം നല്‍കിയ അഭിമുഖത്തില്‍ ശിവൻ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...