പ്രതിഷേധച്ചൂടിൽ 'പത്മാവത്'; അക്രമം അഴിച്ചുവിട്ട് രജ്പുത് സംഘടനകള്‍, ഭീഷണിയുമായി കർണിസേന

ibw-pathmavathy-t
SHARE

റിലീസിന് രണ്ടുദിവസം മാത്രംശേഷിക്കേ പത്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം കനക്കുന്നു. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ രജ്പുത് സംഘടനകള്‍ തെരുവിലിറങ്ങി. തീയേറ്ററുകൾ അടിച്ചുതകർത്തു. അതേസമയം, പത്മാവത് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ ഉത്തരവിനെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. 

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പത്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം കനക്കുന്നത്. ഹരിയാനയില്‍ തീയേറ്ററുകൾ അടിച്ചുതകർത്തു. വടക്കൻഗുജറാത്തില്‍ പ്രതിഷേധിച്ച രജ്പുത് സംഘടനകൾ ബസുകൾക്ക് തീയിട്ടു. തീയേറ്ററിനുമുന്നിൽ സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചതായും, കർണിസേന പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായുംകാട്ടി ഹൈദരാബാദിലെ തീയേറ്റർ ഉടമകൾ പൊലീസിൽ പരാതിനൽകി. റാഞ്ചിയിലും സമാനസംഭവങ്ങളുണ്ടായി. 

സിനിമ പ്രദർശിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് രാജസ്ഥാനിലെ കർണിസേന നേതാക്കൾ ഭീഷണിമുഴക്കി. ഇതിനിടെയാണ്,സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ ഉത്തരവിനെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുളള മേഖലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണഘടനാചുമതലയാണെന്നും, അത് നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും, ഇപ്പോഴത്തെ ഉത്തരവ് പരിഷ്ക്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

MORE IN BREAKING NEWS
SHOW MORE