സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

sc-judges
SHARE

സുപ്രീംകോടതിയിലെ പ്രതിസന്ധി നാളെ രാവിലെ കോടതി സിറ്റിങ് തുടങ്ങുന്നതിന് മുന്‍പ് പരിഹരിക്കാന്‍ നീക്കം. ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനാണ് ശ്രമം തുടരുന്നത്. സുപ്രീംകോടതി ബാര്‍ അസോസിയേഷനും, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ന് സമവായശ്രമങ്ങള്‍ ഊര്‍ജിതമാക്കും. 

ജുഡീഷ്യറിയിലെ തര്‍ക്കം ജുഡീഷ്യറിക്കുളളില്‍ തന്നെ പരിഹരിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യകാരണമായ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് മുതിര്‍ന്ന ജഡ്ജി അടങ്ങിയ ബെഞ്ചിന് കൈമാറി പ്രശ്നപരിഹാരമുണ്ടാക്കാനാണ് നീക്കം. ജൂനിയര്‍ ജഡ്ജിമാരായ അരുണ്‍ മിശ്രയും എം.എം.ശാന്തനഗൗ‍ഡരും കേസ് നാളെ പരിഗണിക്കില്ല. 

ശാന്തനഗൗഡര്‍ അവധിയെടുത്ത സാഹചര്യത്തില്‍ നാളത്തെ സിറ്റിങ് മാറ്റിയെന്നാണ് സുപ്രീംകോടതി റജിസ്ട്രാര്‍ പറയുന്നതെങ്കിലും മഞ്ഞുരുക്കുന്നതിന്‍റെ ഭാഗമാണിതെന്ന് വ്യക്തമാണ്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കൈമാറിയിട്ടുണ്ട്. 

എന്നാല്‍, ഫുള്‍കോര്‍ട്ട് ചേരാതെ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാരുമായി മാത്രം സംസാരിച്ച് സമവായമുണ്ടാക്കാന്‍ ചീഫ് ജസ്റ്റിസ് ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഇന്നും നാളെ രാവിലെയുമായി ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആശയവിനിമയം നടത്തിയേക്കും. ജഡ്ജിമാര്‍ കോടതി സിറ്റിങ് നിര്‍ത്തിവച്ച് പ്രതിഷേധം പ്രകടിപ്പിക്കാനുളള അസാധാരണസാഹചര്യം ഏതുവിധേനയും ഒഴിവാക്കാനാണ് ശ്രമം. ജഡ്ജിമാര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ ശ്രമിച്ചാലും വിപരീതഫലമാകും ഉണ്ടാകുക. ചീഫ് ജസ്റ്റിസിനെയും പ്രതിഷേധിച്ച് നില്‍ക്കുന്ന ജഡ്ജിമാരെയും കാണുമെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സമവായശ്രമങ്ങള്‍ തുടരുകയാണ്. 

MORE IN INDIA
SHOW MORE