ലൈംഗിക കെണിയില്‍ കുടുക്കാൻ പാക്ക് ശ്രമം; മൂന്ന് ഉദ്യാഗസ്ഥരെ തിരിച്ചുവിളിച്ച് ഇന്ത്യ

Thumb Image
SHARE

പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ സ്ത്രീകളെ ഉപയോഗിച്ച് കെണിയില്‍പ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നീക്കം തിരിച്ചറിഞ്ഞ് ഇന്ത്യ മൂന്ന് നയതന്ത്രഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് വിവരം. പരിഭാഷാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഉദ്യോഗസ്ഥരെ ലൈംഗിക കെണിയില്‍ കുടുക്കാന്‍ ഹോട്ടലിലെത്തിക്കാനും വിഡിയോ പകര്‍ത്താനുമാണ് ലക്ഷ്യമിട്ടത്. വിവരങ്ങള്‍ ചോര്‍ത്താനാണ് നീക്കമെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ വിദേശകാര്യമന്ത്രാലയത്തെ വിവരം അറിയിക്കുകയായിരുന്നു. മന്ത്രാലയം വിശദമായ അന്വേഷണം തുടങ്ങി.

സുപ്രധാന വിവരങ്ങൾ എന്തെങ്കിലും ചോരും മുൻപ് വിവരം ചോർന്നു കിട്ടിയതിനാൽ ഐഎസ്ഐ നീക്കം പാളിയതായും പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.  തിരിച്ചുവിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർക്കും പാളിച്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഇവർ അന്വേഷണവുമായി സഹകരിച്ചുവരികയാണ്. ഇവരെ ഇനി പാക്കിസ്ഥാനിലേക്ക് മടക്കി അയയ്ക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

വിവരങ്ങൾ ചോർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഇന്ത്യൻ ഉദ്യോഗസ്ഥർ ഇക്കാര്യം ഇന്ത്യയിലുള്ള അധികാരികളെ അറിയിച്ചതോടെയാണ് ഐഎസ്ഐ ശ്രമം പാളിയത്. ഈ ഉദ്യോഗസ്ഥരെ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ഇസ്‍ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഭാഷാ വിഭാഗത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സുപ്രധാന വിവരങ്ങളടങ്ങിയ ഔദ്യോഗിക രേഖകളുടെ പരിഭാഷ നിർവഹിക്കുന്നതും ഇവരാണ്. ഇന്ത്യയിൽനിന്നെത്തുന്ന ജൂനിയർ ഓഫിസർമാരെ ചാരവനിതകളെ ഉപയോഗിച്ച് ഹോട്ടലുകളിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. അവിടെവച്ച് ഇവരുടെ വിഡിയോ പകർത്തി കുടുക്കാനായിരുന്നു ശ്രമമെന്നാണ് പത്രം പറയുന്നത്.

ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാർ തലത്തിൽ കൂടിയാലോചനകൾ നടന്നുവരികയാണെന്നും 'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്നും ഇന്ത്യൻ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ മാധ്യമ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാധുരി ഗുപ്തയെന്ന യുവതിയെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ്ഐ ഏജന്റായ വ്യക്തിയുമായി പ്രണയത്തിലായ ഇവർ അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖകളാണ് ചോർത്തിയത്. 

ചാരവൃത്തിയിൽ ഏർപ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇന്ത്യയും പാക്കിസ്ഥാനും ഏതാനും സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയിരുന്നു. ചാര പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവ് ഇപ്പോഴും അവിടെ ജയിലിൽ തുടരുകയാണ്.  

MORE IN BREAKING NEWS
SHOW MORE