ഗുജറാത്തില്‍ പോളിങില്‍ ഇടിവ്; വോട്ടിങ് യന്ത്രത്തില്‍ ബ്ലൂ ടൂത്തെന്ന് കോണ്‍ഗ്രസ് പരാതി

Thumb Image
SHARE

ഗുജറാത്തിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് മേഖലകളിൽ പോളിങ് ശതമാനം കുറഞ്ഞു. രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ കുറവുണ്ടായി. കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ മേഖലകളിൽ നടക്കുന്നത്.  ഇതിനിടെ, ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടെന്ന് കോണ്‍ഗ്രസ് പരാതി നല്‍കി. 

വോട്ടിങ് യന്ത്രത്തിൽ മൊബൈല്‍ ഫോണ്‍ വഴി ബ്ലൂ ടൂത്ത് സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നാണ് പാര്‍ട്ടിയുടെ ആരോപണം. പോർബന്ദറിലെ മു‌സ്‌ലിം മേഖലകളിലെ മൂന്നു പോളിങ് ബൂത്തുകളിൽ വോട്ടിങ് യന്ത്രവുമായി ബ്ലൂ ടൂത്ത് വഴി മറ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചെന്നാണു ആരോപണം. ഫോൺ മുഖേന വോട്ടിങ് യന്ത്രത്തെ നിയന്ത്രിക്കാവുന്ന വിധമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്‌വാഡിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അദ്ദേഹം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തു. മോദ്‌വാഡിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. മൊബൈൽ ഫോണിലെ ബ്ലൂ ടൂത്ത് ഓണാക്കിയപ്പോള്‍ തെളിഞ്ഞ പട്ടികയില്‍ സമീപ ഉപകരണങ്ങളിലൊന്ന്  'ഇസിഒ 105' എന്നു കാണിച്ചത്. ഇത് വോട്ടിങ് യന്ത്രമാണെന്നാണ് പരാതിയിലെ ആരോപണം. ബ്ലൂ ടൂത്ത് ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് വോട്ടിങ് യന്ത്രത്തിൽ എന്തു ക്രമക്കേടു വേണമെങ്കിലും നടത്താമെന്ന് ഇതു സൂചിപ്പിക്കുന്നതെന്നും മോദ്‌വാഡിയ പറഞ്ഞു. വോട്ടിങ് യന്ത്രത്തിലെ ചിപ്പുകളിലെ പ്രോഗ്രാമിലും മാറ്റം വരുത്താം. ഇതു ശ്രദ്ധയിൽപ്പെട്ടയുടനെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. ഓഫിസർ സ്ഥലത്തെത്തുകയും യന്ത്രം പരിശോധിക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി കലക്ടറും തിരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകനും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മുതിർന്ന സാങ്കേതിക വിദഗ്ധനും ഇവർക്കൊപ്പമുണ്ട്. അതേസമയം, തോൽവി ഉറപ്പാക്കിയ കോൺഗ്രസ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.  സൂറത്തില്‍ 70 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയിരുന്നു. ഇതില്‍ ചിലത് ആദ്യമണിക്കൂറുകളില്‍ തന്നെ പരിഹരിക്കുകയും  ചെയ്തു.  

സൗരാഷ്ട്ര, കച്ച്, സൂറത്ത് അടങ്ങുന്ന തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 സീറ്റുകളിലായി, 977 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടിയത് . കോൺഗ്രസും ബി ജെ പിയും തമ്മിൽ തീപാറുന്ന പോരാട്ടമായിട്ടും പോളിങ് ശതമാനം അത്ര കണ്ട് ഉയർന്നില്ല. രാവിലെ കനത്ത പോളിങിന്റെ പ്രതീതിയുയർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് താഴ്ന്നു. ഹാർദിക് പട്ടേലിന്റ പിന്തുണയിൽ പട്ടേദാർ വോട്ടുകൾ ഉറപ്പിക്കാനായാൽ അത് ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2012ൽ ലഭിച്ച 63 സീറ്റിൽ ചിലതൊക്കെ വീണാലും സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലും ബിജെപി ഭൂരിപക്ഷം നേടിയേക്കുമെന്നാണ് വിലയിരുത്തൽ. സൂറത്തിൽ കഴിഞ്ഞ തവണത്തെ വൻ വിജയം ഉണ്ടാകാനിടയില്ല .അതേസമയം ബി െ ി 150 സീറ്റുകൾ നേടുമെന്ന്, രാജ്കോട്ട് വെസ്റ്റ് ൽ നിന്ന് ജനവിധി തേടിയ മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.   

MORE IN BREAKING NEWS
SHOW MORE