ഹരിയാനയിലെ ഗുരുഗ്രാമിലെ റയാന്‍ ഇന്‍റനാഷണല്‍ സ്കൂളില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ സ്കൂളിനു മുന്നില്‍ പ്രകടനം നടത്തി.
സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ കൊലപ്പെടുത്തിയതെന്നു കരുതുന്ന സ്കൂള്‍ ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതിയെ മാനേജ്മെന്‍റ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ സ്കൂളിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.നിലവിലെ പൊലീസ് അന്വേഷണം പര്യാപ്തമല്ലെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കൊല്ലപ്പെട്ട പ്രധുമന്‍ ഠാക്കൂറിന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
ഇതേ സ്കൂളിന്‍റെ ഡല്‍ഹി വസന്ത്്കുഞ്ചിലെ ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറു വയസുകാരനെ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വന്‍വിവാദമായിരുന്നു. റയാന്‍ സ്കൂളില്‍ തുടര്‍ച്ചയായി സുരക്ഷ വീഴ്ചയുണ്ടാകുന്നുണ്ടെന്നും സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഇതിനുകാരണമെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.സംഭവത്തില്‍ മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ കമ്മിറ്റി രൂപീകരിച്ചു.