ഉത്തര്‍പ്രദേശ് ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ മാറ്റാനൊരുങ്ങി കേന്ദ്രനേതൃത്വം. സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തരം ഒഴിയണമെന്ന് മൗര്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. എന്നാല്‍ നേതാക്കള്‍ ഇരട്ടപദവി വഹിക്കരുതെന്ന പാര്ട്ടിനിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.
മുഖ്യമന്ത്രികസേരയില്‍ യോഗി ആദിത്യനാഥിനെ കേന്ദ്രനേതൃത്വം അവരോധിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിപദവും പാര്‍ട്ടി നേതൃത്വവും കേശവ് പ്രസാദ് മൗര്യയ്ക്ക് നല്‍കിയിരുന്നു. ആഭ്യന്തരം കൂടി വേണമെന്ന മൗര്യയുടെ നിര്‍ദേശം അവഗണിച്ച കേന്ദ്രനേതൃത്വം യോഗിക്ക് വകുപ്പ് വിഭജനത്തിലും അമിതമായ പരിഗണന നല്കി. ആഭ്യന്തരം ഉള്‍പ്പെടെ മുപ്പതിലധികം വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്.
ക്രമസമാധാനപ്രശ്നങ്ങളും ഗോരഖ് പൂര് ദുരന്തവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന ആവശ്യം കേശവ്പ്രസാദ് മൗര്യ, ദേശീയഅധ്യക്ഷന്‍ അമിത്ഷായെ നേരിട്ടറിയിച്ചിരുന്നു. എന്നാല്‍ ഗോരഖ്പൂര്‍ ദുരന്തം രാജ്യത്തെ ആദ്യത്തെ സംഭവമല്ലെന്ന അമിത്ഷായുടെ പ്രതികരണം മൗര്യയ്ക്ക് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് സംസ്ഥാനഅധ്യക്ഷസ്ഥാനത്ത് നിന്ന് മൗര്യയെ മാറ്റാനുള്ള കേന്ദ്രനീക്കം സജീവമായത്. ഉപമുഖ്യമന്ത്രിയെന്ന നിലയില്‍ മൗര്യയ്ക്ക് ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്നാണ് ദേശീയനേതാക്കളുടെ വിശദീകരണം. മുന്നിരനേതാക്കള്ക്ക് ഇരട്ട പദവി നല്‍കരുതെന്ന പാര്‍ട്ടി നിലപാടും നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നു.