ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുകയാണ്. പനീര്‍സെല്‍വം വിഭാഗത്തിന്റെ നിര്‍ണായക യോഗം ഇന്ന് ചെന്നൈയില്‍ ചേരും. അതേ സമയം സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷനേതാവ് സ്റ്റാലിന് ആവശ്യപ്പെട്ടു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്ന ഒ.പനീര്‍സെല്‍വം വിഭാഗം ജുഡീഷ്യല്‍ അന്വേഷണംകൊണ്ട് തൃപ്തിപ്പെടുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒ.പി.എസിന്റെ വിശ്വസ്തര്‍ രംഗത്തുവന്നിരുന്നെങ്കിലും ഇന്ന് യോഗം ചേര്‍ന്ന് ഏകാഭിപ്രായത്തിലെത്താനാണ് സാധ്യത. അധികാരമേറ്റതുമുതല്‍ ഒരന്വേഷണത്തിന്റെയും ആവശ്യമില്ലെന്ന് പറഞ്ഞിരുന്ന എടപ്പാടി പളനിസ്വാമി ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ലയന ചര്‍ച്ചകളുടെ ഭാഗമായാണ്. സംസ്ഥാനയാത്രയുമായി ഇറങ്ങിയ ടി.ടി.വി.ദിനകരനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യംകൂടിയുണ്ട് ഈ നീക്കത്തിന്. പ്രത്യേകിച്ച് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയും ദിനകരനും ഉള്‍പ്പെടെയുള്ള മന്നാര്‍ഗുഡി സംഘം സംശയത്തിന്റെ നിഴലിലും ആയിരുന്നു. ആശുപത്രിക്കുള്ളിലെ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് ശശികലയുടെ സഹോദരപുത്രന് ജയാനന്ദ് ദിവാകരന് ആവര്‍ത്തിച്ച് വ്യക്തമാക്കി. അപ്പോളോ ആശുപത്രി അധികൃതര്‍ സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്തു. പോയസ്ഗോര്ഡനിലെ വീട് സ്മാരകമാക്കുന്നതിനെതിരെ ജയലളിതയുടെ സഹോദര പുത്രി ദീപ രംഗത്തുവന്നു.
സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.