E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

‘തോക്കിൻ മുനയിലാണ് ഞങ്ങളുടെ ജീവിതം; എന്നവസാനിക്കും ഇത് ?’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

border-story
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആദിത്യ ജീവിതത്തിൽ ഇന്നുവരെ കളിപ്പാട്ടങ്ങൾ കണ്ടിട്ടില്ല. ബോംബ് ഷെല്ലുകളാണ് അവന്റെ കളിപ്പാട്ടങ്ങൾ. ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിലെ കുരുന്നുകളിൽ ഒരാളാണ് ആദിത്യ. ഏതു നിമിഷവും ഷെല്ലുകൾ വീണു തകരാവുന്ന ജീവിതത്തിലേക്കു പിറന്നുവീണവർ. സംഘർഷം കനത്ത ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിലൂടെ മനോരമ സംഘം നടത്തിയ യാത്രയിലാണ് ആദിത്യയെ കണ്ടുമുട്ടിയത്. അവിടെ കണ്ട കാഴ്ചകളിലും കേട്ട നിലവിളികളിലും മരണത്തിന്റെ വേദനയുണ്ട്.

‘ഞങ്ങളുടെ ജീവിതം പാക്കിസ്ഥാന്റെ തോക്കിൻമുനയിലാണ്. ഈ യുദ്ധം എന്ന് അവസാനിക്കും? ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചാൽപോലും ഞങ്ങളുടെ വീടിന്റെ സ്വീകരണ മുറിയിലേക്കു ബോംബുകളെത്തും’ – നൗഷേരയിലെ അതിർത്തി ഗ്രാമത്തിൽ താമസിക്കുന്നവർ നിറകണ്ണുകളോടെ പറഞ്ഞു. ഏതു നിമിഷവും പാക്കിസ്ഥാനിൽനിന്ന് ആക്രമണമുണ്ടാകാമെന്ന ഭീതിയിൽ കഴിയുന്ന അതിർത്തി ഗ്രാമങ്ങളിലൂടെയും അശാന്തി പുകയുന്ന കശ്‌മീർ താഴ്‌വരയിലൂടെയും സഞ്ചരിച്ചു മലയാള മനോരമ ലേഖകൻ മിഥുൻ എം.കുര്യാക്കോസ് തയാറാക്കിയ പരമ്പര. ചിത്രങ്ങൾ: ജെ.സുരേഷ്

‘‘യുദ്ധക്കളമാണ്, ഇവിടം’’

‘തീഗോളം പോലെയാണു ഷെല്ലുകൾ ചെന്നു പതിച്ചത്. ഓരോ തവണ പാക്കിസ്ഥാൻ പോസ്റ്റിൽ നമ്മൾ ആക്രമണം നടത്തുമ്പോഴും ഞങ്ങളുടെ ചങ്കിടിക്കുകയായിരുന്നു. കാരണം, തിരിച്ചടി ഏതു നിമിഷവും ഉണ്ടാകാം. അതു മാസങ്ങൾ നീണ്ടുനിൽക്കാം. ഇവിടം ഇപ്പോൾ അക്ഷരാർഥത്തിൽ യുദ്ധക്കളമാണ്’ – നൗഷേരയിൽ പാക്കിസ്ഥാനു നേരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിനു ദൃക്സാക്ഷിയായ ദിലീപ് കുമാർ ചൗധരി പറഞ്ഞു.

dileep-kumar.jpg.image.784.410

ഇന്ത്യ – പാക്ക് അതിർത്തിയിൽ നിലവിലെ സ്ഥിതി നേരിട്ടറിയാനെത്തിയ ഞങ്ങളോട് ദിലീപ് സംഘർഷഭരിതമായ ദിവസങ്ങളിലെ അനുഭവങ്ങൾ വിവരിച്ചു – ഈ മാസം ആദ്യം മുതൽ കനത്ത സംഘർഷാവസ്ഥയായിരുന്നു. സാധാരണ രാത്രിയാണു പാക്ക് പോസ്റ്റുകളിൽനിന്ന് വെടിവയ്പ്. ആ ദിവസങ്ങളിൽ പകലും രാത്രിയും ഒരുപോലെ പ്രകോപനമുണ്ടായി. മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു ഗുരുതരമായി പരുക്കേറ്റു. പാക്ക് പ്രകോപനം രൂക്ഷമായപ്പോൾ, സൈന്യം ഞങ്ങളെ ഒഴിപ്പിച്ചു. നോനിഹാലിലെ സർക്കാർ സ്കൂളിൽ ക്യാംപ് സജ്ജമാക്കി അവിടേക്കു മാറ്റി. കനത്ത തിരിച്ചടിക്ക് ഇന്ത്യ തയാറെടുക്കുകയായിരുന്നു.

ഗ്രാമവാസികളെയെല്ലാം ഒഴിപ്പിച്ചതിനു പിന്നാലെ, വൻ സൈനിക വ്യൂഹം അതിർത്തിയിലേക്കു പുറപ്പെട്ടു. നൗഷേരയിൽ – നോനിഹാൽ വഴി അതിർത്തിയിലേക്കുള്ള പ്രദേശത്തുടനീളം സൈന്യം തമ്പടിച്ചു. തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. മലമുകളിലെ ഷെല്ലാക്രമണം ക്യാംപിലിരുന്നു ഞങ്ങൾ കണ്ടു. രാത്രി ആക്രമണങ്ങൾ വ്യക്തമായി കണ്ടു – ദിലീപിന്റെ വാക്കുകളിൽ ആവേശം.

നിയന്ത്രണ രേഖയിൽ ഇന്ത്യ കെട്ടിയ വേലിക്കപ്പുറമാണ് ദിലീപിന്റെ വീട്. നിയന്ത്രണ രേഖയിൽ ചിലയിടങ്ങളിൽ അങ്ങനെയാണ്. വേലിക്കപ്പുറത്തും ഇന്ത്യക്കാർ താമസിക്കുന്നു. തൊട്ടുമുന്നിൽ പാക്ക് പോസ്റ്റുകളാണ്. വീടിനകത്തുവരെ വെടിയുണ്ടകളെത്തും. വെടിവയ്പിനെ പക്ഷേ അവർക്കു പേടിയില്ല. അവയിൽനിന്ന് ഒഴിഞ്ഞുമാറി നടക്കാൻ അവർ ശീലിച്ചിട്ടുണ്ട്. പക്ഷേ, ഷെല്ലുകൾ വീണാൽ എന്തു ചെയ്യും?

ദിലീപിനോടു ചോദിച്ചു – എത്ര നാളായി അതിർത്തിക്കപ്പുറം താമസിക്കുന്നു? 

ഞാൻ ജനിച്ചത് അവിടെയാണ്. ഇന്നെനിക്ക് 55 വയസ്സുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഏറ്റവും സംഘർഷ പ്രദേശങ്ങളിലൊന്നായ നൗഷേരയിൽ പാക്ക് പ്രദേശത്ത് അഞ്ചര പതിറ്റാണ്ടായി താമസിക്കുന്ന അദ്ദേഹത്തിന്റെ ചങ്കൂറ്റത്തിനു സലാം പറഞ്ഞു. സുരക്ഷിത സ്ഥലത്തേക്കു മാറിത്താമസിച്ചുകൂടേ എന്ന ചോദ്യത്തിനു മറുപടി: എവിടേക്കു പോകാൻ? ഞങ്ങളുടെ കൃഷിഭൂമി ഇവിടെയാണ്. മറ്റൊരിടത്തെ ജീവിതം ആലോചിക്കാൻ പോലുമാവില്ല. തൊട്ടുമുന്നിൽ പാക്കിസ്ഥാൻ ഉണ്ടെങ്കിലെന്താ; പിന്നിൽ ഇന്ത്യൻ സൈന്യമുണ്ടല്ലോ!

‘നമ്മുടെ സൈന്യമുണ്ട്, അവർ കാത്തോളും’

പൂഞ്ചിൽ എവിടേക്കു തിരിഞ്ഞാലും സൈന്യമാണ്. അവിടെയെത്തുന്ന ഓരോരുത്തരും സൈന്യത്തിന്റെ കർശന നിരീക്ഷണത്തിലും. കവലയിലെ ഹോട്ടലിൽ മുറിയെടുത്തപ്പോൾ, അന്വേഷണവുമായി സേനാംഗങ്ങളെത്തി. ഇവിടെ എന്തിനു താമസിക്കുന്നു? മാധ്യമപ്രവർത്തകരാണെന്നും ഒരു രാത്രി അവിടെ ചെലവഴിക്കാൻ വന്നതാണെന്നും അറിയിച്ചപ്പോൾ മടങ്ങി. രാത്രി ഒൻപതു മണിയോടെ, കവലയിലെ കടകൾ അടഞ്ഞു. ഗ്രാമവാസികളെല്ലാം രാത്രി ടിവി ചാനലുകൾക്കു മുന്നിലാണ്. ജമ്മു കശ്മീരിൽ എവിടെയെങ്കിലും അതിർത്തി പ്രശ്നമുണ്ടെന്നു വാർത്ത വന്നാൽ അവരുടെ ചങ്കിടിക്കും. കാരണം, എവിടെ പ്രശ്നമുണ്ടായാലും ആദ്യം ഷെല്ല് വന്ന് പതിക്കുന്നത് പൂഞ്ചിലാണ്. രാത്രി ചിലപ്പോൾ നിനച്ചിരിക്കാതെ വെടിയൊച്ചകൾ കേൾക്കാം. പിന്നാലെ, ഇന്ത്യൻ ഭാഗത്തുനിന്നു തിരിച്ചടി. അതങ്ങനെ പുലരുവോളം തുടരും. വെടിയൊച്ചകൾ കേട്ട് ഞങ്ങൾ ഉറക്കത്തിലേക്കു വീഴും – ഭൂപീന്ദർ പറയുന്നു.

ഷെല്ലാക്രമണമുണ്ടായാൽ, ഏതുറക്കത്തിലും ഗ്രാമീണർ ഞെട്ടിയുണരും. ഷെൽ പതിക്കുമ്പോഴുള്ള ആഘാതത്തിൽ വീട് പ്രകമ്പനം കൊള്ളും. ഭൂമികുലുക്കം പോലെയാണത്. വീടിന്റെ ഭിത്തികൾ വിറയ്ക്കും. ഓരോ ഷെൽ പതിക്കുമ്പോഴും നെഞ്ചിൽ ആരോ ഇടിക്കുന്ന പോലെയാണ് – പ്രദേശവാസിയായ മനോജ് കുമാർ പറഞ്ഞു. 

മനോജിന്റെ വാക്കുകൾ ശരിയായിരുന്നു. അർധരാത്രി പിന്നിട്ടപ്പോൾ, മലനിരകളിൽ ഷെൽ വീഴുന്നതിന്റെ ശബ്ദം കേട്ടു തുടങ്ങി. ഹോട്ടൽ ഉടമ തിവാരി വാതിലിൽ തട്ടിവിളിച്ചു പറഞ്ഞു – ‘പേടിക്കേണ്ട, ഇതു പതിവാണ്. നമ്മുടെ സൈന്യമുണ്ട് മുകളിൽ. അവർ കാക്കും.’ സൈന്യത്തിലുള്ള വിശ്വാസം, അതാണ് ഇവിടത്തുകാർക്ക് എല്ലാം! 

‘ഒരു ഗാരന്റിയുമില്ല ജീവന്’

‘സൂക്ഷിക്കണം, ഏതു നിമിഷവും ഇവിടെ ഷെൽ വീഴാം. ഇവിടെയുള്ള ജീവിതങ്ങൾക്ക് ഒരു ഗാരന്റിയും ഇല്ല’. ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളിലേക്കു കണ്ണുനട്ട് ഭൂപീന്ദർ സിങ് പറഞ്ഞു. ആ മലകൾ പാക്കിസ്ഥാന്റേതാണ്. അവയ്ക്കു താഴെയുള്ള ഇന്ത്യൻ പ്രദേശമായ ജമ്മുവിലെ പൂഞ്ചിൽ കഴിയുന്ന ഭൂപീന്ദർ ഉൾപ്പെടെ നിവാസികളുടെ കണ്ണെത്തുംദൂരത്തുണ്ട് മരണം!

നൗഷേരയിൽനിന്ന് രജൗരി വഴി പൂഞ്ചിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം കണ്ടത് യുദ്ധസജ്ജരായി നിൽക്കുന്ന ഇന്ത്യൻ സേനയെയാണ്. പൂഞ്ചിന്റെ മൂന്നു വശങ്ങളിലും പാക്കിസ്ഥാനാണ്. ഏതു വശത്തുനിന്നും വെടിയുണ്ടകളും ഷെല്ലുമെത്താം. നിയന്ത്രണ രേഖയിലെ മലനിരകളിൽനിന്ന് ഏതു നിമഷവും തീവ്രവാദികളെത്താം. ഏതാനും മാസം മുൻപ് മൂന്നു തീവ്രവാദികൾ ഒളിച്ചിരുന്ന മിനി സിവിൽ സ്റ്റേഷൻ പൂഞ്ചിലെ നാൽക്കവലയിൽനിന്നു നോക്കിയാൽ കാണാം. സൈന്യവും തീവ്രവാദികളും തമ്മിൽ അന്നുണ്ടായ ഏറ്റുമുട്ടലിൽ കെട്ടിടം ഏറെക്കുറെ തകർന്നുപോയി.

നാൽക്കവലയിൽനിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ നിയന്ത്രണ രേഖയാണ്. പാക്കിസ്ഥാനിൽ ഉൽഭവിച്ച് ഇന്ത്യയിലൂടെ ഒഴുകി, പാക്കിസ്ഥാനിൽ അവസാനിക്കുന്ന ബതാർ നദി കടന്നു വേണം അവിടേക്കു പോകാൻ. ഇന്ത്യൻ ഭാഗത്തെ ഏറ്റവും ഒടുവിലത്തെ സ്ഥലമായ ഖഡി കർമലയിൽ കഴിഞ്ഞ ദിവസവും തീതുപ്പി വെടിയുണ്ടകളെത്തി. പൂഞ്ചിൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ഖഡി കർമലയിൽനിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകാൻ തുടങ്ങി.

class-room.jpg.image.784.410

‘ഞങ്ങളുടെ പശുക്കൾക്ക് ആരു തീറ്റ കൊടുക്കും?’

ഇന്ത്യൻ ഷെല്ലാക്രമണത്തിനു ശേഷം രണ്ടു ദിവസത്തേക്കു പാക്ക് ഭാഗത്തുനിന്ന് ആക്രമണമുണ്ടായില്ലെന്നു ഗ്രാമവാസിയായ തിവാരി പറഞ്ഞു. ഇതേത്തുടർന്ന്, ക്യാംപ് വിട്ട് ഏതാനും പേർ വീടുകളിലേക്കു മടങ്ങി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ പാക്ക് സൈന്യം ആക്രമണം പുനഃരാരംഭിച്ചു. അതിർത്തിയിലെ ഖംബ ഗ്രാമത്തിൽ രണ്ടു ഗ്രാമീണർ കൊല്ലപ്പെട്ടു. പിന്നാലെ ഇന്ത്യ തിരിച്ചടിയും ശക്തമാക്കിയതോടെ, അതിർത്തി സംഘർഷഭരിതമായി. കാർഗിൽ യുദ്ധകാലത്തു പോലുമുണ്ടാവാത്ത തരം ഷെല്ലാക്രമണമാണ് ഇപ്പോൾ നടക്കുന്നത്.

ആക്രമണം അവസാനിച്ചാലും ഇല്ലെങ്കിലും ഏതാനും ദിവസത്തിനകം ഗ്രാമങ്ങളിലേക്കു മടങ്ങുമെന്ന ദൃഢനിശ്ചയത്തിലാണു ഗ്രാമവാസികളിൽ പലരും. അല്ലെങ്കിൽ തങ്ങളുടെ പശുക്കൾക്ക് ആരു തീറ്റ കൊടുക്കും, കൃഷിഭൂമി ആരു നനയ്ക്കും? ജീവിതം മുന്നോട്ടുപോകണമെങ്കിൽ മടങ്ങിപ്പോയേ പറ്റൂ. കനത്ത ഷെല്ലാക്രമണങ്ങൾക്കിടയിലൂടെ തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് പതിവാണ്. ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ തിരിച്ച്, തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ വഴിയൊരുക്കുകയാണ് പാക്ക് ഷെല്ലിങ്ങിന്റെ ലക്ഷ്യം. വനപ്രദേശമായതിനാൽ, എല്ലായിടത്തും സൈന്യത്തിന്റെ കണ്ണെത്തിയെന്നു വരില്ല.

സംഘർഷം കനത്തതോടെ നൗഷേരയിൽ മാത്രം അഞ്ചു ക്യാംപുകളാണു സജ്ജമാക്കിയിരിക്കുന്നത്. 2500 ഗ്രാമീണരെയാണ് ഇവിടേക്കു മാറ്റിയതെന്നു ക്യാംപുകൾക്കു ചുമതല വഹിക്കുന്ന ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ മുഹമ്മദ് നജീബ് പറഞ്ഞു. ഗ്രാമവാസികളുടെ മക്കൾക്കായി താൽക്കാലിക സ്കൂൾ ഒരുക്കിയിട്ടുണ്ട്. ഒരു മുറിയിൽതന്നെ എല്ലാ ക്ലാസുകൾ. ഒരു ഭാഗത്ത് ഒന്നാം ക്ലാസുകാർ, തൊട്ടപ്പുറത്ത് രണ്ട്, മൂന്ന്. അങ്ങനെ പത്തുവരെ. കുട്ടികൾ ഒത്തൊരുമയോടെ പാഠങ്ങൾ പഠിക്കുമ്പോൾ, തൊട്ടപ്പുറമുള്ള മുറിയിൽ മുതിർന്നവർ മലമുകളിലേക്കു കണ്ണുനട്ടിരിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :