ടി.ടി.വി ദിനകരന്റെ അറസ്റ്റിനു പിന്നാലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് നിന്ന് വി.കെ ശശികലയുടെ പോസ്റ്ററുകളും ബാനറുകളും നീക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജില്ലാ ഭാരവാഹികളുമായി യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. ഐക്യ ചര്‍ച്ചകള്‍ അധികം വൈകാതെ പുനരാരംഭിയ്ക്കുമെന്നാണ് സൂചന.
ഒപിഎസ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ശശികലയുടെ പോസ്റ്ററുകളും ബാനറുകളും നീക്കിയത്. പകരം ജയലളിതയുടെ ചിത്രങ്ങള്‍ മാത്രമുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസമാണ് ഒപിഎസ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് ഇ. മധുസൂദനന് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മന്ത്രിമാരും ജില്ലാ ഭാരവാഹികളുമായി തുടര്‍ച്ചയായ രണ്ടാം ദിവസവും കൂടിക്കാഴ്ച്ച നടത്തി. ലയനം എങ്ങനെ വേണം എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. ഇവരോട് രണ്ട് ദിവസം കൂടി ചെന്നൈയില്‍ തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിനകരന് അറസ്റ്റിലായ സാഹചര്യത്തില്‍ ഐക്യ ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിയ്ക്കുമെന്നാണ് സൂചന. ഐക്യത്തിനുള്ള അന്തരീക്ഷം തെളിഞ്ഞു വരുന്നതായി ഒ.പനീര്‍സെല്‍വവും വ്യക്തമാക്കി.
ജയലളിതയുെട മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നതടക്കമുള്ള ഒപിഎസ് വിഭാഗത്തിന്റെ ആവശ്യങ്ങളിന്മേല് അധികം വൈകാതെ സംസ്ഥാന സര്‍ക്കാര്‍ തിരുമാനമെടുക്കും.