അമ്പൂര്‍ ഇയ്യപ്പ...ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്ത് മാസ്മരികത തീര്‍ത്ത് സംരംഭകത്വ വിപ്ലവത്തിന് തിരി കൊളുത്തിയ ഇ-കൊമേഴ്സ് കമ്പനി ഫ്ളിപ്കാര്‍ട്ടിന്റെ കഥ പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാത്ത പേരാണ് അത്. 12 വര്‍ഷം മുമ്പ് ഒരു കൊറിയര്‍ കമ്പനിയില്‍ ഡെലിവറി ബോയ് ആയിരുന്നു അമ്പൂര്‍ ഇയ്യപ്പ. ഇന്ന് ഇയ്യപ്പ ഒരു ലക്ഷാധിപനാണ്. സ്വയം അല്‍ഭുതപ്പെട്ടു പോയിട്ടുണ്ട് തന്റെ കഥയില്‍ എന്ന് ഇയ്യപ്പ തന്നെ പറയാറുണ്ട്. ഡെലിവറി ബോയുടെ കഥയിലേക്ക്...
ബിരിയാണി നഗരത്തില്‍ നിന്നും...
തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അമ്പൂര്‍ എന്ന പട്ടണത്തിലായിരുന്നു ഇയ്യപ്പ വളര്‍ന്നത്. ബിരിയാണിക്കും ലെതര്‍ വ്യവസായത്തിനും പേരുകേട്ട പട്ടണമായിരുന്നു അത്. പ്രീഡിഗ്രിക്ക് ശേഷം ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്തു ഇയ്യപ്പ, അതുകഴിഞ്ഞ് അശോക് ലയ്ലന്ഡില് അപ്രെന്റിസ്ഷിപ്പിന് ചേര്‍ന്നു. എന്നാല്‍ അത് അധികകാലം തുടര്‍ന്നില്ല. ഫസ്റ്റ് ഫ്ളൈറ്റ് കൊറിയേഴ്സില് ഡെലിവറി ബോയ് ആയി പുതിയ ജോലിയില്‍ കയറി ആ യുവാവ് ബെംഗളൂരുവിലേക്ക് താമസം മാറി. നാല് വര്‍ഷം അവിടെ ജോലി ചെയ്തു, എല്ലാ ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളും നോക്കുന്നതില്‍ പ്രാവീണ്യം നേടിയപ്പോഴാണ്, തൊഴില്‍ നൈപുണ്യം ഒന്നു കൂട്ടാമെന്ന് കരുതി മൂന്ന് മാസത്തെ ഒരു കോഴ്സ് ചെയ്യാന്‍ പോയി കക്ഷി.