കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവർക്ക് കുരുക്കുമുറുകുന്നു

kuwait-amnesty-t
SHARE

കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരെ പിടികൂടാനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. വീസ നിയമം ലംഘിച്ച് താമസിക്കുന്ന ഒരു ലക്ഷത്തിലേറെപ്പേരെ കണ്ടെത്താൻ സമഗ്രപരിശോധന നടത്തും. അനധികൃതതാമസക്കാർക്കും സ്പോൺസർമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വീസനിയമം ലംഘിച്ച് താമസിക്കുന്നവർ ശിക്ഷ ഒഴിവാക്കി രാജ്യം വിടാനുള്ള സൌകര്യമൊരുക്കിയാണ് കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.  പൊതുമാപ്പ് പ്രയോജനപ്പെടുത്തി അൻപത്തിയേഴായിരം പേർ നാടുവിടുകയോ ഇഖാമ സാധുതയുള്ളതാക്കുകയോ ചെയ്‌തുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. എന്നാൽ, പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ നിയമംലംഘിച്ച് ഒരുലക്ഷത്തിലേറെപേർ കുവൈത്തിലുണ്ടെന്നാണ് മന്ത്രാലയത്തിൻ‌റെ നിഗമനം. വ്യവസായ മേഖലകൾ, സ്വകാര്യ പാർപ്പിടമേഖലകളിലെ ബാച്ച്‌ലർ താമസയിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. മുൻ‌കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പഴുതടച്ചുള്ള പരിശോധനയാകും ഇത്തവണത്തേതെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഇസാം അൽ നഹാം അറിയിച്ചു. നിയമലംഘനത്തിന് പിടിയിലാകുന്നവരുടെ സ്പോൺസർമാരെ ആഭ്യന്തരമന്ത്രാലയം വിളിച്ചുവരുത്തും. നിയമലംഘകരുടെ പാസ്പോർട്ടും തിരിച്ചയക്കുന്നതിനുള്ള വിമാന ടിക്കറ്റും നൽകേണ്ട ഉത്തരവാദിത്തം സ്പോൺസർമാർക്കായിരിക്കും. ഒപ്പം സ്പോൺസർമാർക്കെതിരെയും നിയമനടപടിയുണ്ടാകും. 

MORE IN GULF
SHOW MORE