ഹറമൈൻ റയിൽ പാതയിൽ ചൂളം വിളി മുഴങ്ങാറായി

haramain-train
SHARE

വിശുദ്ധ നഗരങ്ങളെ ബന്ധിപ്പിച്ച് ജിദ്ദയിലൂടെ കടന്നു പോകുന്ന ഹറമൈൻ അതിവേഗ റയിൽ പാതയിൽ ചൂളം വിളി മുഴങ്ങാൻ ഇനി ആഴ്ചകൾ മാത്രം. പാത പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന്റെ മുന്നോടിയായി ഇൗ മാസം 31ന് മക്ക മുതൽ മദീന വരെയുള്ള 450 കിലോമീറ്റർ പാതയിൽ പൂർണതോതിലുള്ള അന്തിമ പരീക്ഷണ ഓട്ടം അരങ്ങേറുമെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. യാത്രക്കാരെ ഉൾപ്പെടുത്താതെയുള്ള ഓട്ടം മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിലായിരിക്കും.

വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് 2018 ആരംഭത്തിൽ തന്നെ കമ്മിഷൻ ചെയ്യും. സൗദി റയിൽവേ ഓർഗനൈസേഷന്റെ അഭിമാന പദ്ധ്വതിയായ ഹറമൈൻ ഹൈസ്‌പീഡ്‌ റയിൽ പ്രോജക്റ്റ് 2012 ലാണ് പണി തുടങ്ങിയത്. വർഷങ്ങൾക്ക് മുൻപേ നടപ്പിൽ വന്ന മിനാ - അറഫാ - മുസ്ദലിഫ - മിനാ റൂട്ടിലെ മശാഇർ ഹജ് ട്രെയിനിന് പുറമെ മക്കാ - മദീനാ റൂട്ടിൽ കൂടി ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിൻ സർവീസ് വരുന്നതോടെ തീർത്ഥാടകരുടെ യാത്രാ കാര്യങ്ങൾ അയത്ന ലളിതമാവും. മക്കയിൽ നിന്ന് അരമണിക്കൂറിനകം ജിദ്ദയിലും രണ്ടര മണിക്കൂർ സമയത്തിനിടെ മദീനയിലും എത്തിച്ചേരാം. സ്പാനിഷ് കമ്പനി നിർമിച്ച 417 സീറ്റുകളുള്ള 35 ബോഗികളാണ് സർവീസിൽ ഉണ്ടാവുക. 

അതേസമയം, ഹറമൈൻ റയിൽവെയിലെ ടിക്കറ്റ് നിരക്കുകൾ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച പഠനം പൂർത്തിയായി വരുന്നതേയുള്ളൂ എന്നും അധികൃതർ വെളിപ്പെടുത്തി. സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദ, റാബിഖ് കിങ് അബ്ദുല്ല എക്കണോമിക് സിറ്റി എന്നിവയിലൂടെ കടന്നു പോകുന്നതിനാൽ, തീർഥാടകർക്കെന്ന പോലെ ബിസിനസ് രംഗത്തുള്ളവർക്കും അനുഗ്രഹമാകും ഹറമൈൻ റയിൽവേ. 

നവംബർ രണ്ടാം പകുതിയിൽ മക്കാ ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ കൂടി ഉൾപ്പെടുന്ന ഉന്നത തല സംഘം ജിദ്ദ - മക്ക റയിൽ റൂട്ടിൽ പരീക്ഷണ യാത്ര നടത്തിയിരുന്നു. മൊത്തം അഞ്ചു സ്റ്റേഷനുകൾ ഉള്ള ഹറമൈൻ റയിൽ പാതയിൽ മറ്റു റൂട്ടുകളിൽ പരീക്ഷണ ഓട്ടങ്ങൾ ഇതിനകം തന്നെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഹറമൈൻ റയിൽവെ പുണ്യ നഗരത്തിനോ സൗദി അറേബ്യയ്‌ക്കോ മാത്രമുള്ള പദ്ധ്വതിയല്ലെന്നും മറിച്ച് ആഗോള മുസ്‍ലിം ലോകമാണ് ഇതിന്റെ പ്രയോജനം അനുഭവിക്കുകയെന്നും മക്കാ ഗവർണർ പരീക്ഷണ ഓട്ടത്തിനു ശേഷം പറഞ്ഞിരുന്നു.

MORE IN GULF
SHOW MORE