യുഎഇയിൽ അരയ്ക്ക് താഴെ തളർന്ന രാധയെ ലോക് സഭാംഗം റിചാർഡ് ഹെ സന്ദർശിച്ചു

radha-uae
SHARE

ഷാർജ: മൂന്ന് വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന കൊല്ലം പുനലൂർ സ്വദേശി രാധാ സുരേഷ് കുമാറി(51) നെ ലോക് സഭാംഗം റിചാർഡ് ഹെ സന്ദർശിച്ചു. ഇവരെ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കുവാനുള്ള എല്ലാ സഹായവും അദ്ദേഹം ഉറപ്പു നൽകി. തുടര്‍ന്ന് ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ എന്നിവരെ നേരിട്ട് കണ്ട് രാധയുടെ അവസ്ഥ ധരിപ്പിച്ചു. പ്രശ്നത്തിൽ ഇന്ത്യൻ കോൺസുലേറ്റ് നടപടി സ്വീകരിച്ചുവരികയാണെന്നും രാധയ്ക്കും കുടുംബത്തിനും എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും റിചാർഡ് ഹെ  പറഞ്ഞു. ഇന്ത്യൻ പീപ്പിള്‍സ് ഫോറം ഷാർജ പ്രസിഡന്റെ ഗണേഷ് അരമങ്ങാനം, ഏകതാ ജനറൽ സെക്രട്ടറി പി.കെ.ബാബു, പുഷ്പരാജ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പതിനൊന്ന് വർഷം ഒമാനിൽ കുടുംബത്തോടൊപ്പം കഴിഞ്ഞ ശേഷം സന്ദർശക വീസയിൽ യുഎഇയിലെത്തിയ രാധ  2014ലായിരുന്നു അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായത്. ഇതോടെ ജീവിതം ദുരിതത്തിലായി. എട്ടുവയസ്സുകാരിയായ മകൾ അന്നാ പോളായിരുന്നു പിന്നീട് അമ്മയെ പരിചരിച്ചുപോന്നത്. ഇലക്ട്രീഷ്യനായ ഭർത്താവ് സുരേഷ് കുമാർ രോഗിയായ ഭാര്യയെയും കൊച്ചുമകളെയും വിട്ട് കൃത്യമായി ജോലിക്ക് പോകാനാവാതെ വലഞ്ഞു. ഒടുവിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് അവധിയെടുത്തു. 

തുടർന്ന് ആ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ കുടുംബം വഴിയാധാരമായി. അതിൽപ്പിന്നെ കൃത്യമായി ഭക്ഷണം പോലും കഴിക്കാതെയാണ് വർഷങ്ങളായി കുടുംബം കഴിഞ്ഞത്. ഒമാനിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന സുരേഷ് അതു പൊളിഞ്ഞതിനെ തുടർന്ന് സന്ദർശക വീസയിൽ കുടുംബത്തോടൊപ്പം യുഎഇയിലേയ്ക്ക് വരികയായിരുന്നു. ഇതിന് സഹായിച്ച പരിചയക്കാരനായ വാസുദേവൻ എന്നയാൾ സുരേഷിന്റേയും രാധയുടെയും പാസ്പോർട്ടുമായി മുങ്ങിക്കളഞ്ഞു. ഇതേ തുടർന്ന് യുഎഇ വീസ എടുക്കാനും സാധിച്ചില്ല. രാധ കിടപ്പിലായതോടെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഔട്ട്പാസ് എടുത്തിരുന്നു. എന്നാൽ, അന്നാ പോളിന് ഔട്ട്പാസ് കിട്ടാത്തതിനാൽ യാത്ര മുടങ്ങി. 

രാധയ്ക്ക് കൃത്യമായ ചികിത്സ നൽകിയാൽ വീണ്ടും പൂർവസ്ഥിതിയിലാകുമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം. എന്നാൽ, ചികിത്സയ്ക്ക് യുഎഇയിൽ വൻ തുക വരുമെന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി യാതൊരു ചികിത്സയും നടക്കുന്നില്ല. ആയുർവേദ ചികിത്സ കൂടുതൽ ഫലപ്രദമാകുമെന്ന് ചിലർ ഉപദേശിച്ചെങ്കിലും ഇതിനും ഇവിടെ വൻ തുക ആവശ്യമാണ്. ശരീരം മുഴുവൻ നീര് വച്ച് തടിച്ചതിനാൽ ഒന്നു തിരിഞ്ഞു കിടക്കാൻ ശ്രമിച്ചാൽ പോലും അസഹനീയ വേദനയാണ് രാധയ്ക്ക്. 

മനോരമ വാർത്തയെത്തുടർന്ന് യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുപോലും ഒട്ടേറെ മനുഷ്യസ്നേഹികൾ കുടുംബത്തിന് സഹായവുമായെത്തി. ഇന്ത്യൻ കോൺസുലേറ്റും പ്രശ്നത്തിൽ ഉടൻ ഇടപെട്ടു. കിടത്തി മാത്രമേ രാധയ്ക്ക് യാത്ര ചെയ്യാനാകൂ എന്നതിനാൽ വിമാനത്തിൽ ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും മൂവർക്കുമുള്ള സൗജന്യ വിമാന ടിക്കറ്റും നൽകുകയും ചെയ്യുമെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE