ദുബായിലെ മലയാളി പെൺകുട്ടിക്ക് 'ആകാശത്ത്' ജന്മദിനാഘോഷം

ashly
SHARE

വീടുകളിൽ നിന്ന് പാർക്കിലേയ്ക്കും ബീച്ചിലേയ്ക്കും ഹോട്ടൽ–റസ്റ്റോറന്റ് ഹാളുകളിലേയ്ക്കും കൂടു മാറിയ ജന്മദിനാഘോഷം മലയാളികൾക്ക് മടുത്തിരിക്കുന്നു. വ്യത്യസ്ത വേദികൾ അന്വേഷിക്കുന്ന ദുബായിലെ മലയാളി വനിതകളിലൊരാളുടെ മകളുടെ ജന്മദിനം ആഘോഷിച്ചത് പറക്കുന്ന വിമാനത്തിൽ. തൃശൂർ കൂർക്കഞ്ചേരി സ്വദേശികളായ ഷാജുദ്ദീൻ–ഷൈനി ദമ്പതികളുടെ മകൾ ആഷ്‍ലിയുടെ പതിനാലാം ജന്മദിനമാണ് എയർ അറേബ്യ വിമാനത്തിൽ ആഘോഷിച്ചത്. 

ദുബായ് അൽഖൈൽ ഗേറ്റിലെ വനിതകളുടെ കൂട്ടായ്മയായ ദിൽസെയിലെ അംഗങ്ങൾ അർമേനിയൻ തലസ്ഥാനമായ യെരവാനിൽ അവധി ദിനങ്ങളാഘോഷിച്ച് ഷാർജയിലേയ്ക്ക് മടക്ക യാത്ര നടത്തുമ്പോഴായിരുന്നു യുഎഇ സമയം രാത്രി പത്തരയ്ക്ക് ആഘോഷം നടന്നത്. ഇന്നലെയായിരുന്നു യഥാർഥത്തിൽ ആഷ്‍ലിയുടെ ജന്മദിനം. നാട്ടിൽ ജനിച്ച കുട്ടിക്ക് ഇന്ത്യൻ സമയം അർധരാത്രി 12 കണക്കാക്കി യുഎഇ സമയം രാത്രി പത്തരയ്ക്ക് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.  

കുട്ടികളുടെ ജന്മദിനവും വിവാഹ വാർഷികവുമടക്കം എല്ലാ വിശേഷങ്ങളും ദിൽസെ ടീം ഒത്തൊരുമയോടെയാണ് ആഘോഷിക്കാറുണ്ടായിരുന്നത്. എന്നാൽ, ദീർഘയാത്രയുടെ ക്ഷീണം മൂലം ഷാർജയിലെത്തി എല്ലാവരും ചേർന്ന് ആഘോഷിക്കുക പ്രയാസമായതിനാലാണ് വിമാനത്തിനകത്ത് തന്നെ പിറന്നാൾ ആഘോഷം ആസൂത്രണം ചെയ്തത്. ഇതിന് വിമാന ക്യാപ്റ്റന്റെയും മറ്റു ജീവനക്കാരുടെയും പൂർണ സഹകരണവും ലഭിച്ചു. കേക്ക് മുറിച്ചും ജീവനക്കാർ എല്ലാവരും ഒപ്പുവച്ച സൂപ്പർ കാബിൻ ക്രൂ സർട്ടിഫിക്കറ്റു കോക് പിറ്റിൽ വച്ച് സമ്മാനിച്ചും ക്യാപ്റ്റൻ പ്രത്യേകമായി മൈക്കിലൂടെ ജന്മദിനാശംസകളും നേർന്നും സംഭവം പൊലിപ്പിച്ചു. 

വിമാനത്തിലുണ്ടായിരുന്ന അർമേനിയൻ ഫുട്ബോൾ താരം ആർതർ യദിഗര്യൻ, ഭാര്യ ഗയാന എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നത് ഇരട്ടിമധുരമായി.  നിഷ, താര, പ്രസീത, സജില, പ്രവ്ദ, അനുഷ്ക എന്നിവർ നേതൃത്വം നൽകി. എട്ടാം തരം വിദ്യാർഥിനിയായ ആഷ്‍ലി പഠിക്കുന്ന ദുബായ് അൽഖൂസിലെ ഔവർ ഒാൺ ഇന്ത്യൻ സ്കൂളിലെ ആയമാരും ബസ് ജീവനക്കാരുമെല്ലാം താമസിക്കുന്ന ക്യാംപിൽ ജന്മദിനം ഒന്നുകൂടി ആഘോഷിക്കാനും ദിൽസെ ആസൂത്രണം ചെയ്യുന്നുണ്ട്.  

MORE IN GULF
SHOW MORE