സമൂഹം കരുതുന്ന പോലെയല്ല പെണ്ണ്; സിനിമകളിലൂടെ ആ ബോധം മാറും: ചിന്നു

chinnu-chandni
SHARE

വഴിപ്രശ്നം പ്രധാന ഘടകമായി മാറി പിന്നീട് പല തലത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുകയാണ് 'ഭീമന്‍റെ വഴി' എന്ന അഷ്റഫ് ഹംസ സിനിമ. മലയാളികള്‍ക്ക് തീര്‍ച്ചയായും അവരോട് അടുത്ത് നില്‍ക്കുന്ന ഭാവതലങ്ങള്‍ സിനിമയിലുള്ളതായി തോന്നാം. ചെമ്പന്‍ വിനോദ് ജോസിന്‍റെ തിരക്കഥയില്‍ ചാക്കോച്ചനും ജിനു ജോസഫും അടക്കമുള്ള കഥാപാത്രങ്ങള്‍ കയ്യടി നേടുന്നു. ഇതിനെല്ലാമുപരി മലയാള സിനിമയിലെ പതിവുചട്ടക്കൂടിലല്ലാത്ത സ്ത്രീ കഥാപാത്രവും ശ്രദ്ധ നേടുകയാണ്. ചിന്നു ചാന്ദ്നി, ദിവ്യ എം.നായർ, മേഘ തോമസ്, വിൻസി അലോഷ്യസ് എന്നിവരുടെ കഥാപാത്രങ്ങള്‍ സിനിമയ്ക്ക് പുതുകാഴ്ച നല്‍കുന്നു. സിനിമ കണ്ടിറങ്ങുന്നവര്‍ എന്തുകൊണ്ടാണ് ക്ലൈമാക്സിനെക്കുറിച്ച് ഇത്രയുമധികം സംസാരിക്കുന്നതെന്ന് തുറന്നുപറയുകയാണ് നടി ചിന്നു ചാന്ദ്നി. 

കഥാപാത്രത്തിനു വേണ്ടിയെടുത്ത തയ്യാറെടുപ്പുകള്‍ എന്തൊക്കെ?

സംവിധായകന്‍ അഷ്റഫ് ഹംസ കഥ പറഞ്ഞപ്പോള്‍ തന്നെ സിനിമ ചെയ്യാമെന്ന് തോന്നി. സിനിമ കണ്ട ശേഷമുള്ള പ്രതികരണങ്ങളും നല്ല രീതിലായിരുന്നു. ഇതില്‍ സന്തോഷമുണ്ട്. ആയോധന കലകള്‍ മുന്‍പും പഠിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ജൂഡോയെക്കുറിച്ച്കൂടുതല്‍ അറിയുന്നത് സിനിമയിലൂടെയാണ്. ജൂഡോ പഠിക്കുന്നതിനായി തിരുവനന്തപുരത്ത് പോയി രണ്ട് മാസത്തെ പരിശീലനം നടത്തി. 

സാമൂഹികപ്രശ്നങ്ങള്‍ സിനിമയാകുന്നതിനോടുള്ള പ്രതികരണം?

വഴിപ്രശ്നമാണ് സിനിമയിലെ പ്രധാന ഘടകം. അങ്ങനെ പറയുമ്പോള്‍ എല്ലാവരും നേരിടുന്ന പ്രശ്നങ്ങള്‍ സിനിമയാകുന്നതിനെ അനുകൂലിക്കുന്നു. ഇത്തരം വിഷയങ്ങള്‍ ഫാന്‍റസിയുടെ രീതിയില്‍ സിനിമയാകുമ്പോള്‍ കുറച്ചുകൂടി സ്വീകാര്യത കൂടിയേക്കും. പണ്ട് സിനിമകളില്‍ ഒരു ഒളിച്ചോട്ടമുണ്ടായിരുന്നു. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധമില്ലാത്ത സിനിമകളാണുണ്ടായിരുന്നത്. ഇപ്പോള്‍ യാഥാര്‍ത്ഥ്യവും സിനിമയിലുണ്ട്. അത് ആളുകള്‍ക്ക് കണ്ട് ആസ്വദിക്കാനും കഴിയും. ഇത്തരത്തില്‍ സിനിമകള്‍ വരുന്നത് നല്ലതാണ്.

ഷൂട്ടിങ്ങ് സെറ്റ് എങ്ങനെയുണ്ടായിരുന്നു?

ഇത്രയും നാളുണ്ടായ സിനിമകളില്‍ സ്ത്രീ സാന്നിധ്യം കുറവായിരുന്നു. ഭീമന്‍റെ വഴിയില്‍ അങ്ങനല്ല. സ്ത്രീകള്‍ കുറച്ചധികമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സെറ്റില്‍ എല്ലാവരും ഒരു കുടുംബംപോലെയായിരുന്നു. കോളേജില്‍ നിന്ന് വിനോദയാത്രപോകുന്നപോലെയായിരുന്നു ഞങ്ങള്‍ എല്ലാവരും. ഒരുമിച്ചായിരുന്നു താമസം. മൊത്തത്തില്‍ ഷൂട്ടിങ്ങ് സെറ്റ് നല്ല വൈബായിരുന്നു.

സ്ക്രീനില്‍കണ്ട ‘ചോക്ലേറ്റ്’ താരത്തിനൊപ്പം അഭിനയിച്ചപ്പോള്‍ എന്തുതോന്നി?

ചാക്കോച്ചന്‍ 'ഫ്രണ്ട്‌‌ലി’യാണ്. ഇത്രയും പരിചയസമ്പത്തുള്ള നടന്‍റെ കൂടെ അഭിനയിച്ചപ്പോള്‍ ഉള്‍ഭയം ഉണ്ടായിരുന്നു. കളിയാക്കലും കുറുമ്പും ട്രോളലുമൊക്കെ ഉള്ളയാളാണ് ചാക്കോച്ചന്‍. ഈ സിനിമ ഒരു അവസരം തന്നെയായിരുന്നു എനിക്ക്. ഇത്രയും അഭിനേതാക്കളുള്ള സിനിമയില്‍ അഭിനയിക്കാനും, കുറെ കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു. ചാക്കോച്ചനുമായുള്ള സീന്‍ കഴിഞ്ഞശേഷം അതിന്‍റെ റീപ്ലേ കാണാന്‍പോയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ശരിക്കും ഇത് വളരെ സ്ലോ ആയാണ് ചെയ്യുന്നത്. സ്ക്രീനില്‍ കണ്ടപ്പോള്‍ ആ സീന്‍ പെര്‍ഫെക്ട് ആയിരുന്നു. ഇതിന്‍റെ മീറ്റര്‍ എങ്ങനെയാണ് മനസിലായതെന്ന് ചോദിച്ചപ്പോള്‍ ഇത്രയും നാളത്തെ പരിചയസമ്പത്ത് കൊണ്ടാണെന്ന് ചാക്കോച്ചന്‍ പറഞ്ഞു. ഇത് ഞാന്‍ 'മെന്‍റല്‍ നോട്ട് '(mental note) ചെയ്ത് എടുക്കുമായിരുന്നു. 

സിനിമയില്‍ ശരിക്കും തിളങ്ങിയോ?

ഞാന്‍ ഓര്‍ക്കുന്നത് ഷെഫാലി ഷാന്‍ പറഞ്ഞ വാക്കുകളാണ്. എല്ലാ സീനും നമ്മുടെ സീനല്ല. ചില സീനുകളില്‍ വേറെ ആളുകള്‍ തിളങ്ങേണ്ട ഒന്നുണ്ട്. എന്‍റെ സീന്‍ വരുമ്പോള്‍ മാത്രമേ ഞാന്‍ തിളങ്ങേണ്ട ആവശ്യമുള്ളൂ. ഞാനുള്ള എല്ലാ സീനിലും ഞാന്‍ തിളങ്ങണമെന്ന് പറഞ്ഞാന്‍ അത് സിനിമയ്ക്ക് നല്ലതല്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതിനെ ഞാന്‍ നോക്കികാണുന്നത് ഈ സിനിമയിലാണ്. തമാശയില്‍ ഞാനുള്ള സീനെല്ലാം എനിക്കത്രയും പ്രാധാന്യമുള്ളതായിരുന്നു. ഇത് ഒരു വഴിക്കഥയായതുകൊണ്ട് അങ്ങനെയല്ലായിരുന്നു.

മനുഷ്യവികാരങ്ങള്‍ തുറന്നുകാട്ടുന്ന സിനിമ പുതുകാഴ്ച കൂടിയല്ലേ?

സാധാരണമായ കാര്യങ്ങളാണ് സിനിമയിലും പറഞ്ഞുപോകുന്നത്. സിനിമയില്‍ ചെയ്യുന്ന കാര്യങ്ങള്‍ വേറിട്ട രീതിയില്‍ തോന്നുന്നത് ഇത്തരം കഥാപാത്രങ്ങളെ കണ്ടിട്ടില്ലാത്തതുകൊണ്ടാണ്. ജീവിതത്തില്‍ നമ്മള്‍ തിരിഞ്ഞുനോക്കിയാല്‍ നമ്മള്‍ എല്ലാവരും അങ്ങനെ അല്ലേ. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് കരുതിയായിരിക്കില്ല ചെമ്പന്‍ ചേട്ടന്‍ സിനിമ എഴുതിയത്. 'എന്‍റെ കാഴ്ചപ്പാടില്‍ ഞാനറിയാവുന്ന പെണ്‍കുട്ടികള്‍ ഇങ്ങനെയാണ്. നിങ്ങള്‍ അതിനെ ബോള്‍ഡ്(bold) എന്ന് വിളിക്കുന്നെങ്കില്‍ അതാണ്. ഒരു പ്രശ്നം പെണ്‍കുട്ടികള്‍ക്ക് വന്നാല്‍ മൂലയ്ക്ക് അടിങ്ങിയിരുന്ന് പുരുഷന്‍ വന്ന് രക്ഷിക്കാന്‍ കാത്തിരിക്കുന്നവരല്ല. അവര്‍ക്ക് ജീവിതത്തില്‍ എന്തു ചെയ്യണമെന്നറിയാവുന്ന കാഴ്ചപ്പാടുകള്‍ ഉള്ളത്കൊണ്ട് ഞാന്‍ അതിനെ അതേ പോലെ എഴുതിവച്ചു'.. ഇങ്ങനെ അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നു. പെണ്‍കുട്ടികള്‍ക്കൊരു സ്വഭാവരീതി ഇട്ടിട്ടുണ്ട് സമൂഹം. സാധാരണ സിനിമകളിലും നമ്മുടെ ചുറ്റിനും നോക്കിയാലറിയാം പെണ്‍കുട്ടികള്‍ അങ്ങനെയല്ല എന്ന്. അതാണ് ഈ സിനിമയുടെ പ്രത്യേകത. പെണ്ണിനെ പതിവ് ചട്ടക്കൂടില്‍ തളച്ചിടാത്ത സിനിമകള്‍ ഉണ്ടാകണം എന്നാണ് എന്‍റെ അഭിപ്രായം.   

തമാശയിലെയും ഭീമനിലെയും പോലെ റൈഡറാണോ?

രണ്ട് സിനിമയിലും ഉള്ളത്പോലെ സ്ക്കൂട്ടറും ബൈക്കും ഓടിക്കാന്‍ ഇഷ്ടമാണ്. ഇപ്പോള്‍ ബുള്ളറ്റ് ഓടിക്കാനും പഠിച്ചു. അതുകൊണ്ട് തന്നെ ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെടാറുണ്ട്. കുറെകൂടി ദുരയാത്രകള്‍ പോകണമെന്ന് താല്‍പര്യമുണ്ട്. ഇപ്പോള്‍ ഫീമേയില്‍ ലീഡ് കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യാന്‍പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. അങ്ങനെ രണ്ട് സിനിമ കഴിഞ്ഞപ്പോഴും ഒരോ കാര്യങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ. 

തമാശ കഴിഞ്ഞ് എവിടെയായിരുന്നു?

വണ്ണമുള്ള പെണ്‍കുട്ടി മലയാളസിനിമയില്‍ വരുമ്പോള്‍ കുറച്ച് ചട്ടക്കൂടുകളുണ്ട്. അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം വന്നിരുന്നു. പിന്നെ ഇഷ്ട്ടപ്പെട്ട പ്രോജക്ട്സ് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെ കുറച്ച് തടസം വന്നിരുന്നു. തമാശ സിനിമയിറങ്ങിയ സമയത്ത് അവസരങ്ങള്‍ വന്നിരുന്നു. പിന്നീട് അത് നടന്നില്ല. ശേഷം ഭീമന്‍റെ വഴിയാണ് നടന്നത്. 

വഴിപ്രശ്നം പരിഹരിച്ചതുകൊണ്ടാണോ ഭീമന്‍റെ ജീവിതത്തിലേക്കെത്തിയത്?

വിധവയാണ് കഥാപാത്രം. സ്വന്തമായി അധ്വാനിച്ച് ജൂഡോ സെന്‍റര്‍ നടത്തി ജീവിക്കുന്ന ആളായിട്ടാണ് സിനിമയിലും. ഒരാളോട് പ്രണയം തോന്നുന്നതിനു സമയമില്ല. ചിലപ്പോള്‍ വര്‍ഷങ്ങളായി പരിചയമുള്ള ആളോട് പ്രണയമുണ്ടാകാം. അല്ലാതെ ഒരു സെക്കന്‍റില്‍ നോക്കുമ്പോള്‍ പ്രണയം തോന്നുന്ന രീതിയുമുണ്ട്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തിട്ടുണ്ട് സിനിമയിലും. സിനിമയില്‍ പ്രണയം വരുന്നു, പിന്നെ അത് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നോക്കുന്നതായി സിനിമയില്‍ കാണാം. 

വ്യത്യസ്തമായ പേരുകളും, മുനവച്ചുള്ള ഡയലോഗുകളും സിനിമയെ വ്യത്യസ്തമാക്കുന്നോ?

കോഴിക്കുപോലും വ്യത്യസ്ത പേരാണ് സിനിമയില്‍ നല്‍കിയത്. 'ജാക്ക്'. കോസ്തേപ്പ്, ഭീമന്‍, ടാര്‍സ്യൂസ്.. അങ്ങനെ നീളുകയാണ് ചെമ്പന്‍ ചേട്ടന്‍റെ കയ്യൊപ്പ്. 'എന്നെയും കൂടി പഠിപ്പിക്കുമോ ജൂഡോ' ഈ ഡയലോഗ് ഞാന്‍ പറയുന്നതല്ല എങ്കിലും കോസ്തേപ്പ് ഇത് പറയുന്ന രീതി കൗതുകം നിറയ്ക്കുന്നതാണ്. എന്നെ കാണുമ്പോഴും ആളുകള്‍ ആദ്യം ചോദിക്കുന്നതും ഇത് തന്നെയാണ്. സിനിമ കാണാത്തവര്‍ ഇത് ചോദിക്കുമ്പോള്‍ കണ്ടിട്ട് വന്ന് ചോദിക്കൂ എന്ന് പറയും. 

ചെമ്പന്‍ വിനോദ് ജോസിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?

എല്ലാവരോടും ഒരേ പോലെ തമാശകളും കാര്യങ്ങളും ചെമ്പന്‍ ചേട്ടന്‍ പറയുമായിരുന്നു. നല്ലതല്ലെങ്കില്‍ അത് തുറന്നുപറയുന്ന മനോഭാവമാണ് ചേട്ടന്‍റേത്. സംവിധായകന്‍ അഷ്റഫ് ഹംസയാണ് കഥ പറയുന്നത്. കഥ കേട്ടില്ലെങ്കില്‍പോലും ഇക്കയുടെ സിനിമയായതുകൊണ്ട് ഉറപ്പായും ചെയ്യുമായിരുന്നു. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോഴും സന്തോഷം തോന്നി ചെയ്യാമെന്നും പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE