മമ്മൂട്ടിയെ ഇരുവരും കാല്‍തൊട്ടുവണങ്ങി; ഭാവനക്കല്ല്യാണം ആഘോഷമാക്കിയത് ഈ പെണ്‍പട

bhavana-mammootty
SHARE

ഭാവനയുടെ വിവാഹം ആഘോഷമാക്കിയത് ഒരു പെണ്‍പടയാണ്. യുവനടികളുടെ ഒരുകൂട്ടം. രമ്യ നമ്പീശന്‍റെ നേതൃത്വത്തില്‍ ഇവര്‍ ആടിയും പാടിയും അതിഥികളെ സ്വീകരിച്ചും ആദ്യാവസാനം കൂടെനിന്നു. മൈലാഞ്ചിക്കല്ല്യാണം മുതല്‍ അവരുടെ സാന്നിധ്യമുണ്ടായിരുന്നു. കല്ല്യാണനാളാകട്ടെ ഒരേനിറത്തിലുള്ള വേഷമണിഞ്ഞും ഈ പെണ്‍പട വേറിട്ടുനിന്നു. ഷിഫ്ന, സയനോര, ശ്രിത ശിവദാസ് തുടങ്ങിയവരായിരുന്നു രമ്യയുടെ സംഘത്തിലെ പ്രധാനികള്‍.

വന്നെത്തിയ അതിഥികളില്‍ മമ്മൂട്ടിയെ ഗുരുസ്ഥാനത്തുകണ്ട് കാല്‍ തൊട്ടു വന്ദിച്ചാണ് ഭാവന സ്വീകരിച്ചത്. നവീനും മമ്മൂട്ടിയെ കാല്‍ തൊട്ടുവണങ്ങി. ഇങ്ങനെ എന്തുകൊണ്ടും

സ്നോഹോഷ്മളമായിരുന്നു ഇന്നലെ തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ ഭാവനയുടെ വിവാഹവേള ആശംസകൾ അറിയിക്കാൻ താരങ്ങൾ ഒഴുകിയെത്തി. ആഘോഷങ്ങളിൽ എല്ലാം സൗഹൃദത്തിന്റെയും ഭാവനയോടുള്ള വാൽസല്യത്തിന്റെയും നിറവുണ്ടായിരുന്നു.

അബ്രഹാമിന്‍റെ സന്തതികള്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിരക്കിനിടയില്‍ നിന്നാണ് മമ്മൂട്ടി ഏഴുമണിയോടെ എത്തിയത്. പൃഥ്വി ഭാവനയെ ആശ്ലേഷിച്ചു. ഇരുവരും അഭിനയിച്ച ആദംജോണിലെ പാട്ടുവച്ചാണ് പൃഥ്വിയെ സ്വാഗതം ചെയ്തത്.

ഭാവനയും നവവരൻ നവീനും പാർട്ടി ഹാളിലേക്ക് പ്രവേശിച്ച ഉടനെ നടിമാരുടെ നൃത്തമായിരുന്നു. ഭാവനയും ഒപ്പം ചുവടുവച്ചു. ആഘോഷത്തില്‍ നവീനും പങ്കുചേര്‍ന്നു. നവ്യാനായർ പകർത്തിയ സദ്യസെൽഫിയും പാട്ടുപാടുന്ന താരങ്ങളുടെ വിഡിയോയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. രമ്യാനമ്പീശനും സയനോരയും ചേർന്നാണ് ഗാനം ആലപിക്കുന്നത്. താളം പിടിക്കുന്ന മഞ്ജുവിനെയും സഹതാരങ്ങളെയും വിഡിയോയില്‍ കാണാം. മഞ്ജു വാര്യര്‍ പകലുടനീളം ഭാവനയ്ക്കൊപ്പം ചെലവഴിച്ചു.

സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയൻ, അനൂപ് മേനോൻ , റീമ കല്ലിങ്ങൽ, അർച്ചന കവി, രമ്യ നമ്പീശൻ, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകൻ ഹരിഹരൻ, വിനയൻ, സജി സുരേന്ദ്രൻ, ബൈജു കൊട്ടാരക്കര, ലിബർട്ടി ബഷീർ... ഇങ്ങനെ പോകുന്നു പ്രമുഖരുടെ നിര. താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ വിവാഹത്തിന് എത്തി. സെൽഫിയെടുത്തും വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തും ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് താരലോകം.

തിരുവമ്പാടി കൃഷ്ണ ക്ഷേത്രത്തിൽവച്ചായിരുന്നു ഭാവനയുടെ കഴുത്തിൽ നവീൻ താലിചാർത്തിയത്. ചുറ്റമ്പലത്തിൽ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ ഇരുവരും നാലമ്പലത്തിലേക്ക്. തൊഴുതിറങ്ങിയ വധൂവരൻമാർ കന്നഡിഗ പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ഭാഗമായി. കന്നഡ നിർമാതാവായ നവീനുമായി അഞ്ചു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഭാവന വിവാഹിതയാകുന്നത്. 

MORE IN ENTERTAINMENT
SHOW MORE