അന്ന് ചീക്കു തിരിച്ചറിഞ്ഞു, നുഷ്കിയില്ലാതെ ജീവിക്കാനാവില്ല

anushka-kohli-wedding
SHARE

ഒരു ബോളീവുഡ് സിനിമാക്കഥയോളം മനോഹരമാണ് ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും പ്രണയം. ക്രിക്കറ്റിന്റെ ആവേശവും ബോളീവുഡ് സിനിമകളുടെ ട്വിസ്റ്റുകളുമുള്ള പ്രണയം ഇന്ന് ഇറ്റലിയിൽ പൂവണിഞ്ഞു. അനുഷ്കയും കോഹ്‌ലിയും കാത്തിരിപ്പുകൾക്കൊടുവിൽ വിവാഹിതരായി. 

2013ൽ ഒരു പരസ്യചിത്രത്തിൽ ഒരുമിച്ചതോടയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. സൗഹൃദം പ്രണയമാകാൻ അധികം നാൾവേണ്ടി വന്നില്ല. പൊതുവേദികളിൽ ഇരുവരെയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെ പാപ്പരാസികണ്ണുകൾ ഇവർക്കുപിറകേയായി. ഒരുമിച്ച് ചെലവഴിക്കാൻ കിട്ടുന്ന ഒരു അവസരവും പ്രണയജോഡികൾ പാഴാക്കാറില്ലായിരുന്നു. 2014ൽ ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ ടെസ്റ്റിന് എത്തിയപ്പോൾ അനുഷ്കയും അവിടെയെത്തി. 

ബോംബെവെൽവെറ്റിന്റെയും പികെയുടെയും ഷൂട്ടിങ്ങ് സെറ്റുകളിൽ കോഹ്‍‌ലിയും സർപ്രൈസ് സന്ദർശനം നടത്തി, പ്രണയിനിയെ സന്തോഷിപ്പിച്ചു. 2014ൽ ശ്രീലങ്കയുമായുള്ള കളി കോഹ്‌ലിയുടെ കരിയറിലെ നാഴികകല്ലായിരുന്നു. ആ കളിയുടെ ഇടയ്ക്ക് ഗ്രൗണ്ടിൽവച്ച് ഗാലറിയിൽ ഇരുന്ന അനുഷ്കയ്ക്ക് നേരെ ബാറ്റുയർത്തി ഫ്ലൈയിങ് കിസ് നൽകിയതിലൂടെ ഇരുവരും പരസ്യമാക്കുകയായിരുന്നു, 'ഞങ്ങൾ പ്രണയത്തിലാണ്'. വിരാടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പിടികൊടുത്തിരുന്നില്ലെങ്കിലും അനുഷ്കയും പ്രണയം പലഅവസരങ്ങളിലും തുറന്ന് സമതിച്ചിട്ടുണ്ട്. 

kohli-anushka

ക്രിക്കറ്റിൽ ഇന്ത്യ തോറ്റപ്പോൾ അനുഷ്കയെ വിമർശിച്ചവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കോഹ്‌ലിയും പ്രണയതീവ്രത കാണിച്ചു. പക്ഷെ ആരാധകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് 2016ൽ അനുഷ്കയും കോഹ്‌ലിയും പിരിയുകാണെന്ന് വാർത്ത വന്നു. കോഹ്‌ലിയുടെ അമിതസ്നേഹവും അധികാരമനോഭാവവുമാണ് കാരണമെന്നും അത് അല്ല അനുഷ്കയ്ക്ക് ഉടൻ വിവാഹിതയാകാനുള്ള താൽപര്യമില്ലായ്മയാണെന്നും ഗോസിപ്പുകൾ പരന്നു. 

ഇനി ഇരുവരും ഒരുമിക്കില്ല എന്ന് സങ്കടപ്പെട്ട ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് പാകിസ്ഥാനെതിരെ ഇന്ത്യ ഉജ്ജ്വവിജയം നേടിയ ദിവസം അനുഷ്കയുടെ ഫോൺകോൾ കോഹ്‍ലിയെ തേടിയെത്തി. മറ്റേത് അഭിനന്ദനത്തേക്കാളും വലുതായിരുന്നു അത്. നുഷ്കിയില്ലാതെ ജീവിക്കാനാകില്ലെന്ന് ചീക്കുവും ചീക്കുവില്ലാതെ ജീവിതം അസാധ്യമാണെന്ന് നുഷ്കിയും മനസിലാക്കിയ നിമിഷമായിരുന്നു അത്. അനുഷ്കയെ സ്നേഹപൂർവ്വം കോഹ്‌ലി വിളിക്കുന്ന പേരാണ് നുഷ്കി. കോഹ്‌ലിയെ പ്രിയപ്പെട്ടവർ വിളിക്കുന്നത് ചീക്കുവെന്നു. ഈ കഴിഞ്ഞ പ്രണയദിനത്തിൽ അനുഷ്കയോടൊത്തുള്ള ചിത്രം കോഹ്‌ലി പങ്കുവച്ചിരുന്നു. വനിതാദിനത്തിൽ ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീകൾ എന്നുപറഞ്ഞ് അമ്മയുടെയും അനുഷ്കയുടെയും ചിത്രം പോസ്റ്റ് ചെ്യ്തു. ഇതിലും മനോഹരമായി എങ്ങനെയാണ് പ്രണയം തുറന്നുപറയുക? 

anushka-kohli-marriage

അനുഷ്കയുടെ സുൽത്താൻ സിനിമ ഇറങ്ങിയപ്പോൾ അഭിനന്ദനവുമായി കോഹ്‌ലിയും എത്തി. എൻ എച്ച് 10 എന്ന സിനിമ പുറത്തിറങ്ങിയവേളയിലും ലേഡിലൗവിനെ പ്രശംസിക്കാൻ കോഹ്‌ലി മറന്നിരുന്നില്ല. യുവരാജ് സിങ്ങിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തി വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്തതോടെ പ്രണയസ്വർഗത്തിലെ കാരമുള്ളുകളെല്ലാം അകന്നുവെന്ന് ആരാധാകർക്കും മനസിലായി. ഇനി എന്നായിരിക്കും ഇരുവരുടെ വിവാഹം എന്ന കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ഇന്ന് അനുഷ്കയും കോഹ്‌ലിയും ഇറ്റലിയിൽ വിവാഹിതരായി. കാത്തിരുന്ന പ്രണയം പൂവണിഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE