മാസല്ല, മാസ്റ്റര്‍പീസ് ടീസര്‍ മാസ്മരിക മാസെന്ന് യു ട്യൂബ് ഇന്ത്യയും വിധിയെഴുതി. പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍ ആയി തുടരുന്ന വീഡിയോ, 24 മണിക്കൂറിനുള്ളില്‍ കണ്ടവരുടെ എണ്ണം ഒരു മില്ല്യണ്‍ അഥവാ പത്തുലക്ഷമെന്ന സ്വപ്ന സംഖ്യയിലേക്ക് കുതിക്കുകയാണ്.
ലൈക്കുകളുടെ എണ്ണം അര ലക്ഷത്തിലെത്തി. ടീസര്‍ റെക്കോര്‍ഡുകള്‍ പിന്നിടുമ്പോള്‍ ഇനി അറിയേണ്ടത് സിനിമയുടെ വിധിയാണ്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും ദിലീപിന്റെ രാമലീലയുമാണ് ഈ വര്‍ഷത്തെ ബോക്സോഫീസ് കണക്കുകളില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷമാകട്ടെ മോഹന്‍ലാലിന്റെ പുലിമുരുകനായിരുന്നു സര്‍വ്വകാല കലക്ഷനോടെ മുന്നിലെത്തിയത്. പോക്കിരിഭാവമുള്ള ഇംഗ്ലീഷ് പ്രൊഫസറയാണ് മമ്മൂട്ടി എത്തുന്നത്. കൊല്ലം ഫാത്തിമ കോളേജിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്.
റിലീസ് ഡിസംബര്‍ 21ന്?
രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. വലിയ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു.
വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും. ഡിസംബര്‍ 21ന് ഇരുന്നൂറ്റമ്പതോളം തീയറ്ററുകളില്‍ ചിത്രം എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.