ആരാധകരുടെ കാത്തിരിപ്പിന് വിരാമ‍ം; ബിലാൽ വീണ്ടുമെത്തുന്നു

bilal
SHARE

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ പ്രഖ്യാപനമെത്തി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ  സ്റ്റൈലിഷ് കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കൽ വീണ്ടും എത്തുന്നു. സംവിധായകൻ അമൽനീരദ് തന്നെയാണ് ഇക്കാര്യം ഒൗദ്യോഗികമായി ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. സിനിമയു‌ടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അമൽ പുറത്തുവിട്ടു. ബിലാൽ എന്നാണ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. അടുത്തവർഷ‍ം ചിത്രം പുറത്തിറക്കാനാണ് പദ്ധതി. 

കഥ പറച്ചിലിലും സംഭാഷണങ്ങളിലും ഛായാഗ്രഹണത്തിലും പുതിയ ഭാവുകത്വമാണ് ചിത്രം മുന്നോട്ടുവെച്ചത്. നാല് സഹോദരങ്ങളുടെയും അവരെ എടുത്ത് വളര്‍ത്തിയ ഒരമ്മയുടെയും കഥ കൊച്ചിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ സിനിമ വീണ്ടുമെത്തുമ്പോള്‍ മലയാള സിനിമയും ഏറെമാറി. ചിത്രത്തിന് പത്തുവര്‍ഷം തികയുമ്പോഴാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. പഴയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ആരൊക്കെ പുതിയ ബിലാലിനൊപ്പം ഉണ്ടെന്ന് വ്യക്തമല്ല. മമ്മൂട്ടി ഏതു മാസത്തിലാണ് ഡേറ്റ് നല്‍കിയതെന്നും വ്യക്തമല്ല.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ബിഗ് ബിയെന്നും മലയാള സിനിമയിൽ സ്റ്റൈലിന്റെ പര്യായമായ ബിലാലിന്റെ രണ്ടാം വരവിനായി കാത്തിരിക്കാൻ ക്ഷമയില്ലെന്ന് ദുൽഖർ ഫെയ്ബുക്കിൽ കുറിച്ചു. 

രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്.  ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും. അല്‍ഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തലസംഗീതം. ഛായാഗ്രഹണം –സമീർ താഹിർ, സംഭാഷണം– ഉണ്ണി ആർ.

ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽക്കർ എത്തുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. 

MORE IN ENTERTAINMENT
SHOW MORE