മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്ത ഉദാഹരണം സുജാത പേരുകൊണ്ടും അതിലുപരി ചിത്രത്തിലെ മഞ്ജുവിന്റെ വേഷ പകർച്ച കൊണ്ടും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. വൻതാരനിരയില്ലാതെ മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ ഒറ്റയാൾ പ്രകടനം മാത്രമാണോ സുജാത? അഭിനയപ്രകടനം കൊണ്ടും കലാമൂല്യം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നല്ല ചിത്രമാണ് ഉദാഹരണം സുജാത.
ആരാണ് സുജാത?
തിരുവനന്തപുരം നഗരത്തിലെ ചെങ്കൽച്ചൂള കോളനിയിൽ താമസിക്കുന്ന, ഉപജീവനത്തിനായി വീട്ടുജോലി ഉൾപ്പെടെ നിരവധി ജോലികൾ െചയ്യുന്ന സാധാരണക്കാരിൽ സാധാരണക്കാരിയാണ് സുജാത. ഭർത്താവ നഷ്ടപ്പെട്ടെങ്കിലും മറ്റൊരു ദാമ്പത്യത്തെ കുറിച്ച് ചിന്തിക്കാത്ത, മകൾക്കായി ജീവിക്കുന്ന അമ്മ. മകളെ പഠിപ്പിച്ച് മികച്ച ജോലിയിൽ എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മയ്ക്ക് വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത മകളിൽ നിന്നും നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് ചിത്രത്തിലെ വില്ലൻ. ഈ വില്ലനെ തരണം ചെയ്യാൻ സുജാത സ്വീകരിക്കുന്ന വഴികളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
കഥാപാത്രങ്ങൾ
സുജാത കൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. മഞ്ജുവാര്യർ ഈ കഥാപാത്രത്തെ ഗംഭീരമാക്കി. ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ കന്മദം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തോട് താരതമ്യപ്പെടുത്തി നിരവധി ചർച്ചകൾ സജീവമായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് സുജാത. അത്രയും തന്റേടിയല്ല. അതിനൊപ്പം അല്ലെങ്കിൽ അതിലപ്പുറം നിർത്താൻ പറ്റുന്ന ചടുലതയിലാണ് മഞ്ജുവിന്റെ അഭിനയം. ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രം സുജാതയുടെ മകളായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന അനശ്വരയാണ്. ആതിര കൃഷ്ണൻ എന്ന കഥാപാത്രം ഈ കൊച്ചുമിടുക്കിയും തകർത്തഭിനയിച്ചു. ചിത്രത്തിന്റെ അവസാനസീനുകളിൽ ആതിര കൃഷ്ണൻ പ്രേക്ഷക മനസിൽ തന്റെയിടെ ഊട്ടിയുറപ്പിക്കുകയായിരുന്നു.
കണക്ക് ടീച്ചറായി ജോജുവും സാഹിത്യകാരനായി നെടുമുടി വേണുവും കലക്ടറായി മമ്ത മോഹൻദാസും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സുരേഷ് തമ്പാനൂരും അലൻസിയറും ഒട്ടും മോശമാക്കിയില്ല. അഭിജ ശിവകലയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
സംവിധാനം, തിരക്കഥ
ഒരു നവാഗത സംവിധായകന്റെ ചിത്രമാണിതെന്ന തോന്നൽ ഒരിക്കൽ പോലും ഉണ്ടാക്കിയില്ല എന്നതു തന്നെ സംവിധാനത്തിലെ പ്രവീണ്‍ സി ജോസഫിന്റെ മികവിന്റെ തെളിവാണ്. ആദ്യ പകുതി അൽപം വേഗം കുറച്ചും കഥാപാത്ര പരിചിതപ്പെടുത്തലുനുള്ള സമയം കൊടുത്തും ചിത്രീകരിച്ചപ്പോൾ രണ്ടാം പകുതി കുറച്ചു കൂടി രസകരവും ചടുലവുമായി.
സിനിമയുടെ തിരക്കഥയ്ക്ക് ക്രെഡിറ്റ് കൊടുത്തിരിക്കുന്നത് നീൽ ബാട്ടേ സന്നാട്ട എന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾക്കാണ്. മലയാളത്തിൽ ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലെ ചെയ്തിരിക്കുന്നത് നവീൻ ഭാസ്ക്കറും മാർട്ടിൻ പ്രക്കാട്ടും. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്. അനുരാഗകരിക്കിന്‍വെള്ളം എന്ന ചിത്രത്തിൽ ആദ്യഭാഗം കൊച്ചിയിലെ പ്രഭാതത്തെ പരിചയപ്പെടുത്തൽ ആയിരുന്നെങ്കിൽ ഇവിടെ തിരുവനന്തപുരത്തെ കാഴ്ചകളാണ് കാണാൻ സാധിക്കുക. പലതരം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെയും ഈ കാഴ്ചകളിൽ ഉൾപ്പെടുത്തി.
ആദ്യപകുതി കഴിഞ്ഞ് രണ്ടാം പകുതിയിലെത്തുമ്പോൾ ചിത്രത്തിന്റെ തിരക്കഥയ്ക്കും മൂർച്ച കൂടുന്നു. സംഭാഷണം കൂടുതൽ ഹൃദ്യമാകുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയ്ക്കപ്പുറം ചിലസമയത്ത് കുട്ടികളുടെ കൂടി ചിത്രമായും കഥാസന്ദർഭം മാറുന്നു.
ക്യാമറ, സംഗീതം
ചിത്രത്തിനായി മനോഹരമായി ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠനാണ്. കഥാപാത്രങ്ങളുടെ വൈകാരിക ചലനങ്ങൾക്കൊപ്പം തിരുവനന്തപുരം നഗരത്തിന്റെ മനോഹാരിതയും കോളനികളും ക്യാമറയിൽ പതിയുന്നു. ചിത്രത്തിലെ ഗാനങ്ങളും മനോഹരമാണ്. ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. പശ്ചാത്തല സംഗീതവും ഗംഭീരമാക്കി. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിർമാണം.
സുജാതയിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒപ്പം രക്ഷിതാക്കൾ മക്കളെ പഠിപ്പിക്കാൻ നടത്തുന്ന പ്രയാസങ്ങൾ എന്താണെന്നതിന്റെ ചിത്രവും വ്യക്തമാക്കുന്നു. ശക്തമായ പ്രമേയം ഉൾക്കൊള്ളുന്ന ഒരു മികച്ച മോട്ടിവേഷണൽ ചിത്രമാണ് ഉദാഹരണം സുജാത. കുടുംബത്തോടൊപ്പം കാണാവുന്ന ഈ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല.