ജിമിക്കി കമ്മൽ എന്ന ഹിറ്റ് ഗാനത്തിനൊപ്പം ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായതോടെ വാർത്തകളിൽ നിറഞ്ഞ ഒരുകൂട്ടം വിദ്യാർത്ഥികളും അധ്യാപകരും വീണ്ടും വാർത്തയിൽ. രാജ്യാന്തര തൊഴിൽ നൈപുണ്യ കോർപ്പറേഷൻ കൊച്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോമേഴ്സിലെ വിദ്യാർത്ഥികളും അധ്യാപകരുമാണിത്. യു ട്യൂബിൽ നിന്നുള്ള വരുമാനം സാമൂഹ്യസേവന പദ്ധതികൾക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ കേൾക്കാത്തവർ ഇനി മലയാളക്കരയിൽ ബാക്കിയുണ്ടാകില്ല. സിനിമയിലെ ഗാനത്തിൽ ഇല്ലെങ്കിലും ആ ഗാനത്തിനൊപ്പം സ്വന്തം ജോലി സ്ഥലത്ത് നൃത്തംവച്ച ഷെറിലും താരമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോമേഴ്സിലെ അധ്യാപികയാണ് ഷെറിൽ . ഷെറിലിന്റെയും കൂട്ടരുടെയും നൃത്തം യു ട്യൂബില്‍ ഇതിനകം ലക്ഷങ്ങൾ കണ്ട് ലൈക്കുമടിച്ചു. ഹിറ്റായ ആ നൃത്ത ചുവടുകൾക്ക് യു ട്യൂബിൽനിന്ന് ലഭിക്കുന്ന വരുമാനം കമ്പനിയുടെ സാമൂഹ്യസേവന പദ്ധതികൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. യു.എസ് .ആസ്ഥാനമായ ന്യൂസ് കോർപറേഷനുമായി ഇതിന് ധാരണയുമായി.
അതിനിടെ സിനിമയിലുള്ളതിനേക്കാൾ സ്വന്തം വീഡിയോ ഹിറ്റായതിന്റെ സന്തോഷത്തിലും ഞെട്ടലിലുമാണ് കഥാനായിക ഷെറിൽ .