ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീല ഈ മാസം 22ന് തിയറ്ററുകളിലെത്തുന്നുവെന്ന് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല. ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്ത് തന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്.
എന്നാല്‍ ഈ വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ അരുൺ ഗോപി രംഗത്തെത്തി. ‘ഊഹാപോഹങ്ങളാണ് ഇപ്പോൾ വാർത്തകളുടെ പുതിയ നിർവചനം. അങ്ങനെയൊരു ഊഹാപോഹമായിരുന്നു രാമലീല സെപ്റ്റംബർ 22ന് റിലീസ് ആകുന്നു എന്നതും. എന്നാൽ രാമലീല ടീം ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടേ ഇല്ല. പ്രചരിക്കുന്ന വാർത്ത തെറ്റാണ്. ശരിയായ റിലീസ് തിയതി ഞങ്ങൾ തന്നെ നേരിട്ട് അറിയിക്കുന്നതായിരിക്കും’–അരുൺ ഗോപി പറഞ്ഞു.
പുലിമുരുകന് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന് മുളകുപാടം നിർമിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയപ്രവർത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാർട്ടിൻ ആണ് നായിക.