നീ ആരാണെന്നു തിരിച്ചറിയാൻ കഴിയുന്ന പ്രായത്തിൽ അവൾ ഇവിടെ മടങ്ങിയെത്തും...നിന്നെ കാണാൻ...അന്നവളുടെ കയ്യിൽ ഇതിലും വലിയ പൂക്കൂടകളുണ്ടാകും....
സസ്പെൻസ്, പ്രണയം, വിരഹം, നിസ്സഹായത, ആക്‌ഷൻ, ട്രാജഡി എന്നിങ്ങനെ വൈകാരികഭാവഭേദങ്ങൾ ഒത്തിണക്കത്തോടെ കോർത്തിണക്കിയ ചിത്രമാണ് ആദം ജൊവാൻ. തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിനെ ഒരു ഇമോഷണൽ കോക്ടെയിൽ എന്ന് വിശേഷിപ്പിക്കാം.
ഫ്ലാഷ്ബാക്കായി തുടങ്ങി, വികസിച്ചു, തൽസമയം പരിസമാപിക്കുന്ന കഥാഗതിയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. അവതരണത്തിലെ മികവും ജീവിതത്തിലെ വൈകാരികഭാവഭേദങ്ങൾ കൂടിച്ചേരുമ്പോളുണ്ടാകുന്ന രസതന്ത്രവുമാണ് ചിത്രത്തെ സജീവമാക്കിനിലനിർത്തുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഉണ്ടാകുന്ന നിസഹായത ഭാവുകത്വത്തോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
കാമ്പും മികവുമുള്ള തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലും അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിലും പൃഥ്വിരാജ് എന്ന നടന്റെ റേഞ്ച് ഓരോ സിനിമകൾ കഴിയുംതോറും ഉയരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രം. ഒരു നവാഗത സംവിധായകന് ലഭിക്കാവുന്ന മികച്ച എൻട്രിയാണ് ജിനു എബ്രഹാമിന് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ജിനു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
മുണ്ടക്കയത്ത് പ്ലാന്ററായ ആദമിന്റെ ജീവിതത്തിലേക്ക് എമി എന്ന പെൺകുട്ടി കടന്നു വരുന്നു, വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാനായി സ്‌കോട് ലൻഡിലുള്ള സഹോദരന്റെ കുടുംബത്തിനും അമ്മയ്ക്കും ഒപ്പം ചേരുന്നു. പക്ഷേ ആ യാത്ര അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിക്കളയുന്നു. ആദത്തിന്റെ ജീവിതത്തിൽ വലിയൊരു മുറിപ്പാട് അവശേഷിപ്പിച്ചുകൊണ്ട് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നു.