കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അഭിനേതാക്കൾ തന്നെ ഗായകരാകുന്നതാണ് ഇപ്പോഴത്തെയൊരു ട്രെൻഡ്. ആദം ജൊവാൻ എന്ന ചിത്രത്തിനു വേണ്ടി പൃഥ്വിരാജും പാടി ഒരു ഗാനം. പ്രണയാർദ്രമായ പാട്ട് ഉള്ളംതൊട്ട് പാടിയിരിക്കുന്നു. ദീപക് ദേവിന്റെ സംഗീതത്തിൽ പുതിയ മുഖത്തിലൂടെ ഗായകനായി അരങ്ങേറ്റം കുറിച്ച പൃഥിയുടെ പുതിയ പാട്ടിന്റെ സംഗീതവും ദീപക് ദേവ് തന്നെയാണ്.
ദീപക് ദേവിന്റെ പിയാനോ വായനയ്ക്കു പിന്നാലെയാണ് പാടിത്തുടങ്ങുന്ന പാട്ടിന്റെ വിഷ്വലുകളും അതി മനോഹരമാണ്. മെഴുകുതിരികൾ ഉരുകിയുരുകി എന്നു തുടങ്ങുന്ന വരികൾ എഴുതിയത് സന്തോഷ് വർമയാണ്. നടൻമാർ ഗായകരായിട്ടുണ്ടെങ്കിലും ഇത്രയേറെ ഭാവാർദ്രമായി മെലഡി ആലപിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. അത്രയേറെ ആസ്വാദ്യകരമാണ് പൃഥ്വിയുടെ ആലാപനം. പാട്ടിന് മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിക്കുന്നത്.