ബിഗ് ബോസ് റിയാലിറ്റി ഷോയിലേ്ക്ക് മലയാളിയും തമിഴ് നടിയുമായ ഓവിയ തിരിച്ചെത്തുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.താരം പുറത്തായതോടെ പരിപാടിയുടെ റേറ്റിങ് കുറഞ്ഞിരുന്നു. എന്നാൽ പരിപാടിയിലേക്ക് ഇനി തിരിച്ചില്ലെന്ന് ഓവിയ പ്രതികരിച്ചു.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് സ്വമേധയാ പുറത്തിറങ്ങിയ ഓവിയ ഇനി സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ്. എന്നാല്‍ തന്റെ സിനിമയായതുകൊണ്ട് ഒരു സിനിമയും കാണേണ്ട എന്നും, സിനിമ നന്നായില്ലെങ്കില്‍ കാറിത്തുപ്പിക്കൊള്ളൂ എന്നും ഓവിയ പറയുന്നു. ബിഗ് ബോസിലേക്ക് വീണ്ടും തിരിച്ചു പോകുന്ന എന്ന വാര്‍ത്ത താരം നിഷേധിച്ചു. സെല്‍ഫി വിഡിയോയിലൂടെയാണ് ആരാധകര്‍ക്കുള്ള പല ചോദ്യങ്ങള്‍ക്കും ഓവിയ മറുപടി നല്‍കിയത്.
ബിഗ് ബോസില്‍ ഓവിയയെ മാനസികമായി വേദനിപ്പിച്ച ശക്തി, ജൂലി എന്നീ മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് വന്നിരുന്നു. പുറത്തിറങ്ങിയ ഇവരെ ഓവിയ ആരാധകര്‍ ആക്രമിയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ അത് തന്നെ വേദനിപ്പിയ്ക്കുന്നു എന്നും, തന്റെ പേരില്‍ ആരെയും ഇത്തരത്തില്‍ വേദനിപ്പികരുത് എന്നും ഓവിയ പറയുന്നു. ആരെയും വേദനിപ്പിച്ചുകൊണ്ട് തന്നെ സ്നേഹിക്കണ്ടെന്നും അത്തരമൊരു സ്നേഹവും വേണ്ടെന്നും ഓവിയ പറയുന്നു.
‘ആരാധകര്‍ക്ക് ഇനി എന്നെ സിനിമയില്‍ കാണാം. എന്നാല്‍ ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ എനിക്ക് വേണ്ടി കാണേണ്ട എന്ന് ഓവിയ പറയുന്നു. സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രം കാണുക. ഇഷ്ടമില്ലെങ്കില്‍ കാറിത്തുപ്പിയിട്ട് പോകാം. അതിലൊന്നും എനിക്ക് പ്രശ്നമില്ല. എന്തായാലും സിനിമ ചെയ്യാന്‍ പോകുകയാണ്.’
‘ഞാനിപ്പോഴും ആരവിനെ പ്രണയിക്കുന്നുണ്ടോ, വിഷാദരോഗത്തിന് അടിമപ്പെട്ടോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. എനിക്ക് വിഷാദ രോഗമൊന്നുമില്ല. ആരവിനെ ഇപ്പോഴും പ്രണയിക്കുന്നു. എന്റെ പ്രണയം സത്യമാണ്. ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു. പ്രണയം എന്നും നിലനില്ക്കും. ഒരാളെ പ്രണയിച്ചതിന് ശേഷം ഏതോ ഒരു കാരണം പറഞ്ഞ് വെറുക്കാന്‍ ആവശ്യപ്പെട്ടാല്‍ എനിക്കതിന് കഴിയില്ല. ഞാന്‍ പ്രണയിച്ചുകൊണ്ടേയിരിക്കും.’
‘മുടിവെട്ടാന്‍ ഒരു കാരണമുണ്ട്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി മുടി ദാനം ചെയ്യണം എന്ന് പറഞ്ഞ് ചിലര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ എനിക്ക് മുടി കച്ചവടത്തില്‍ താത്പര്യമില്ല. പകരം, മുടി നഷ്ടപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്കാന് വേണ്ടിയാണ് വെട്ടിയത്. നിങ്ങള്‍ എങ്ങിനെയാണോ അങ്ങനെ തന്നെ നിലനില്ക്കുക. മുടി പോയതിനൊന്നും വിഷമിക്കാന്‍ പാടില്ല. മുടി ഇല്ലാതെയും ഇങ്ങനെയൊക്കെ സ്റ്റൈലാക്കാം എന്ന് കാണിക്കാന്‍ വേണ്ടിയാണ് മുടി വെട്ടിയത്. എന്റെ അമ്മയും കാന്‍സര്‍ രോഗിയായിരുന്നു–ഓവിയ പറഞ്ഞു.
2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അപൂര്‍വ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തില്‍ ശ്രദ്ധ നേടാനായില്ല.
ബിഗ് ബോസ് പരിപാടിയിലൂടെ തമിഴകത്ത് ഏറ്റവുമധികം ആരാധകരുളള താരങ്ങളിലൊരാളായി നടി മാറി. 'ഓവിയ ആര്‍മി' എന്നൊരു സംഘം തന്നെ ഇപ്പോള്‍ തമിഴകത്തുണ്ട്. ഷോയുടെ റേറ്റിങ് കൂടിയത് തന്നെ ഓവിയ കാരണമാണെന്നാണ് വിലയിരുത്തലുകള്‍.