കടന്നു ചെല്ലുന്ന വേദികളിലും പരിപാടികളിലെല്ലാം താരമായിട്ടുള്ള പതിവേ ഇന്നേവരെ ഷാരുഖ് ഖാൻ എന്ന താരത്തിനുള്ളൂ. എന്നാൽ അടുത്തിടെ ഒരു പ്രശസ്തമായ റിയാലിറ്റി ഷോയുടെ വേദിയിൽ എത്തിയപ്പോൾ താരമായത് ഷാരുഖ് മാത്രമായിരുന്നില്ല ഒരു മലയാളി ഗായകനും കൂടിയായിരുന്നു. വൈഷ്ണവ് ഗിരീഷ്. പാട്ടു പാടി പ്രേക്ഷകരേയും ഷാരൂഖിനേയും അതിശയിപ്പിക്കുക മാത്രമല്ല, ഒരുപാട് നായികമാരെ എടുത്തുയർത്തി ആടിപ്പാടിയ നടനെ ഈ പതിനഞ്ചുകാരൻ വളരെ കൂളായി എടുത്തുയർത്തുകയായിരുന്നു. മുണ്ടും മടക്കിക്കുത്തി വൈഷ്ണവ് ഷാരുഖിനെ എടുത്തുയർന്ന ചിത്രം പോലെ തന്നെ വൈറലായി വിഡിയോയും.
ഷാരുഖ് ഖാന്റെ റയീസിലെ സാലിമ എന്ന ഗാനമാണ് വൈഷ്ണവ് വേദിയിൽ പാടിയത്. ജാം 8ന്റെ സംഗീതത്തിലുള്ള പാട്ട് എഴുതിയത് അമിതാഭ് ഭട്ടാചാര്യയാണ്. പാടിയത് അരിജിത് സിങും ഹർദീപ് കൗറും ചേർന്നായിരുന്നു.
പതിനഞ്ച് വയസുകാരനായ ഈ പ്രതിഭ തൃശൂരിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ്. അച്ഛൻ ഗിരീഷ് കാനറാ ബാങ്കിൽ ജോലി ചെയ്യുന്നു. അമ്മ മിനി അഭിഭാഷകയും. ആറാം വയസു മുതൽക്കേ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങിയ വൈഷ്ണവ് ഇതുപോലെ മറ്റൊരു പ്രശസ്തമായ റിയാലിറ്റി ഷോയിലും ജേതാവായിരുന്നു. ശ്രേയ ഘോഷാലിനെ പോലുള്ള ഗായികമാരെ പ്രശസ്തരാക്കിയ സരിഗമപ എന്ന റിയാലിറ്റി ഷോയിലാണ് ഇപ്പോൾ വൈഷ്ണവ് പാടുന്നത്. ഗിരീഷിന്റെ ഒരു പാട്ടിന്റെ വിഡിയോയ്ക്ക് രണ്ടു ദിവസം കൊണ്ട് 13 ലക്ഷം പ്രേക്ഷകരെയാണ് ഫെയ്സ്ബുക്കിൽ മാത്രം നേടാനായത്. കണ്ണൂരിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു വൈഷ്ണവ്. 2013,2014 വർഷങ്ങളിൽ കലാപ്രതിഭ പുരസ്കാരവും നേടിയിരുന്നു ഈ മിടുക്കൻ.