E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഫഹദിനെ തൊഴിച്ച ആ എസ്ഐ, ഈ സിഐ.!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kasargod-sibi-thomas
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫഹദ് ഫാസിലിനെ ലോക്കപ്പിന്റെ മൂലയിലേക്കു വലിച്ചു കയറ്റി അടിവയറ്റിൽ കാൽമുട്ടുകൊണ്ടൊരു ഫുൾ ലോഡഡ് തൊഴി..! ആദൂർ സിഐ സിബി തോമസ് ക്യാമറയ്ക്കു മുന്നിൽ ഷേണി എസ്ഐ സാജൻ മാത്യു ആയി മാറിയപ്പോൾ, അതായിരുന്നു ആദ്യ ഷോട്ട്. തൊഴിച്ച കാൽമുട്ട് നിവർക്കുന്നതിനു മുൻപേ അടിവയറ് പൊത്തിപ്പിടിച്ചു ഫഹദ് നിലത്തേക്കു വീഴുന്നു. പണിയായോ..? ആദ്യ സിനിമയിൽ ആദ്യ ഷോട്ടിൽ തന്നെ നായകനെ ഇടിച്ചു പഞ്ഞിക്കിട്ടെന്ന ചീത്തപ്പേരാണോ കിട്ടാൻ പോവുക. ഒരു നിമിഷം, ഷൂട്ടിങ്ങും അഭിനയവുമെല്ലാം മറന്ന്, വീഴാൻ തുടങ്ങിയ ഫഹദിനെ താങ്ങിയെടുത്തു. ലൊക്കേഷൻ ആകെ ഒന്നു നിശ്ചലമായി. പിന്നെ കൂട്ടച്ചിരി... ഏറ്റവും ഉച്ചത്തിൽ ചിരിച്ചതു ഫഹദും സംവിധായകൻ ദിലീഷ് പോത്തനും. ഒന്നുമില്ല സിഐ, അഭിനയമല്ലേ ഇത്, യു ആർ പെർഫെക്ട്... 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിയറ്ററുകൾ നിറച്ച് ഓടുമ്പോൾ സിനിമയിലെ സബ് ഇൻസ്പെക്ടറെ അവതരിപ്പിച്ച, ജീവിതത്തിലെ സർക്കിൾ ഇൻസ്പെക്ടർ കാസർകോട് വെള്ളരിക്കുണ്ട് ചുള്ളി സ്വദേശി സിബി തോമസിനും ആരാധകരേറെ. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും അലൻസിയറും തകർത്തഭിനയിച്ച സിനിമയിൽ അവർക്കൊപ്പം ആദ്യവേഷക്കാരന്റെ പതർച്ചകളില്ലാതെ പിടിച്ചു നിന്നതിന്റെ സന്തോഷത്തിലാണു സിബി തോമസ്. 

അടിമുടി പൊലീസ് 

സിനിമയിൽ പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലേക്കു തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും ഉള്ള് ഒന്നു കാളി. ജീവിതമല്ലല്ലോ അഭിനയം..! കാസർകോട്ടെ പൊലീസ് സ്റ്റേഷൻ പശ്ചാത്തലമായി ചിത്രീകരിക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ട് അപേക്ഷ നൽകുമ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സ്കൂൾ, കോളജ് പഠനകാലത്തു നാടകങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു ആകെയുള്ള ധൈര്യം. ഓഡിഷൻ നടത്തി തിരഞ്ഞെടുത്ത 25 പൊലീസുകാരിൽ ഒരാളായിരുന്നു സിബി. വളരെ റിയലിസ്റ്റിക്കായ പൊലീസ് സ്റ്റേഷനും അവിടുത്തെ ഉദ്യോഗസ്ഥരുമാണു കഥാപാത്രങ്ങളെന്ന് അണിയറക്കാർ നേരത്തെ സൂചന നൽകിയിരുന്നു. വലിയ പ്രതീക്ഷയില്ലാതെയാണ് ഓഡിഷൻ പൂർത്തിയാക്കിയത്. എന്നാൽ, കിട്ടിയത് 20 സീനുകളിലേറെ വരുന്ന മുഴുനീളൻ കഥാപാത്രം. പരിഭ്രമിക്കേണ്ട, നിങ്ങൾ പൊലീസ് സ്റ്റേഷനിൽ ചെയ്യുന്നതു കുറച്ചൊക്കെ അതുപോലെ തന്നെ ഇവിടെയും ചെയ്താൽ മതി. ഒട്ടും കുറയ്ക്കേണ്ട, കൂട്ടുകയും വേണ്ട – സംവിധായകൻ ദിലീഷ് പോത്തൻ ധൈര്യം തന്നു. 

എസ്ഐ ആയ സിഐ 

ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകി അവധിയെടുത്തായിരുന്നു അഭിനയം. സിഐയുടെ യൂണിഫോം ഊരി വച്ച് എസ്ഐ ആയി 11 ദിവസം. ഷേണി ജംക്‌ഷനിലെ കെട്ടിടം രണ്ടു നിലയുള്ള പൊലീസ് സ്റ്റേഷനായി മാറി. ചെയ്യേണ്ടതെല്ലാം കൃത്യമായി സംവിധായകൻ ദിലീഷ് പോത്തൻ പറഞ്ഞു തന്നു. സാധാരണ ജോലിക്കെന്ന പോലെ പൊലീസ് സ്റ്റേഷനിൽ എത്തുക, സഹപ്രവർത്തകരോടു സ്വാഭാവികമായി തന്നെ സംസാരിക്കുക, പരാതിക്കാരോടു കാര്യങ്ങൾ ചോദിച്ചറിയുക, അത്രമാത്രം. അഭിനയമേ വേണ്ട. അതിഭാവുകത്വം ഒന്നുമില്ലാതെ സുരാജ് വെഞ്ഞാറമ്മൂടും ഫഹദ് ഫാസിലും ഉൾപ്പെടെ എല്ലാവരും സെറ്റിൽ സാധാരണക്കാരെപ്പോലെ പെരുമാറിയതിനാൽ ഷൂട്ടിങ് എന്ന ടെൻഷൻ ആദ്യം തന്നെ മാറിയിരുന്നു. 

‌സിനിമയിൽ മോഷ്ടാവായ ഫഹദിനെ ലോക്കപ്പിനുള്ളിൽ കയറ്റി ഇടിക്കുന്ന ഷോട്ടുകളായിരുന്നു വെല്ലുവിളി. പരമാവധി പ്രകോപിപ്പിച്ച് ഇടി വാങ്ങാനായിരുന്നു ഫഹദിന്റെ ശ്രമം. പ്രകോപനത്തെ നിയന്ത്രിച്ചു പൊലീസുകാരനായി മാറാനായിരുന്നു ശ്രമമെന്നു സിബി പറയുന്നു. മുൻപു ഡിഗ്രി പഠനത്തിനു ശേഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിമൊട്ടോഗ്രഫി പഠിക്കാൻ അപേക്ഷ നൽകിയിരുന്നു. എൻട്രൻസ് പരീക്ഷ പാസായെങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടു. ആ ബാച്ചിൽ പ്രവേശനം നേടിയ ആളാണു ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി. ലൊക്കേഷനിൽ വച്ചു രാജീവ് രവിയോട് ഇക്കാര്യം സൂചിപ്പിച്ചതോടെ കൂടുതൽ അടുപ്പമായി. സിനിമാ പുറത്തിറങ്ങിയതോടെ അഭിനന്ദനം അറിയിച്ചു ഫോൺ കോളുകൾ എത്തിയപ്പോഴാണു ശരിക്കും ഞെട്ടിപ്പോയത്. 

കള്ളന്മാർ പലവിധം ..! 

പൊലീസുകാരെക്കുറിച്ച് അരച്ചുകലക്കി കുടിച്ചാണു ദിലീഷ് പോത്തനും സംഘവും ഷൂട്ടിങ്ങിനെത്തിയതെന്നു തോന്നിയിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ ആളറിയാതെ എത്തി ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണു തിരക്കഥ തയറാക്കിയതെന്നു കേട്ടിരുന്നു. അത്രയും പെർഫെക്ട് ആയിരുന്നു ഓരോ സീനുകളും. ഒൗദ്യോഗിക ജീവിതത്തിൽ കാസർകോട് ഉൾപ്പെടെ നാലു ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. മാല മോഷണക്കേസുകളിലേതുൾപ്പെടെ ഒട്ടേറെ കള്ളന്മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പ്രതി മാല വിഴുങ്ങിയ സംഭവമുണ്ടായിട്ടില്ല.

മാല വിഴുങ്ങിയ വിരുതന്മാരിൽ നിന്നു തൊണ്ടിമുതലെടുക്കാൻ ഇത്തരം വിദ്യകൾ പഴയ പൊലീസുകാർ പ്രയോഗിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, പഠിച്ച കള്ളന്മാരിൽ നിന്നു തെളിവുകൾ ശേഖരിക്കുന്നത് ഒരു പണി തന്നെയാണ്. അത്യാവശ്യം വിരട്ടലുകളും ഭീഷണികളും വേണ്ടിവരും. പക്ഷേ, അടിയും ഇടിയും മൂന്നാംമുറയുമൊന്നും ഇപ്പോൾ ബുദ്ധിയുള്ള പൊലീസുകാർ നടത്താറില്ല. അല്ലാതെ തന്നെ എത്ര മാർഗങ്ങളുണ്ട്. 

മികച്ച സേവനത്തിനു മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും കുറ്റാന്വേഷണ രംഗത്തെ മികവിനുള്ള പൊലീസ് വകുപ്പിലെ ഡിറ്റക്ടീവ് എക്സലൻസി ബാഡ്ജും ലഭിച്ചിട്ടുള്ള സിബി തോമസിന്റെ കരുത്ത് ഭാര്യ മോളി, മക്കളായ കെലൻ, കരോളിൻ, എഡ്വിൻ എന്നിവരടങ്ങുന്ന കുടുംബമാണ്. അഭിനയമോഹത്തിന്റെ തീ െകടാതെ ഉള്ളിലുണ്ടെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു, നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും ക്യാമറയ്ക്കു മുന്നിലെത്തും– സിബി പറയുന്നു. 

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :