E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ആ ദൂരം ഇല്ലാതായിരിക്കുന്നു; മലയാളസിനിമയും മാഫിയകളും തമ്മിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cinema-ticket-multiplex
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുപ്രസിദ്ധമായ മുംബൈ അധോലോകത്തിന്റെ കഥകൾ, ദേശത്തിന്റെയും ഭാഷയുടെയും സകലഅതിർവരമ്പുകളെയും ഭേദിച്ചു കൊണ്ട് പലപ്പോഴായി മലയാളത്തിന്റെ ചലച്ചിത്രകാരന്മാർ നമുക്കു മുന്നിലെത്തിച്ചിട്ടുണ്ട്. ബോളിവുഡിലെ ചില നിർമാതാക്കളും താരങ്ങളും പിന്തുടരുന്ന സാമ്പത്തിക മാതൃകകളും നമുക്ക്് ഏവർക്കും പരിചിതം; ആ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന തരം തെളിവുകൾ നൽകി ഹൈക്കോടതിയുടെയും സുപ്രീകോടതിയുടെയും നിർണായക വിധികൾ വരെ നമുക്ക് മുന്നിലുണ്ട്. ആ ആപത്ബാന്ധവത്തിന്റെ ഒരു ചെറിയ മാതൃക ചെന്നൈയിൽ നിന്നാണ് ആദ്യം കൊച്ചിക്കായൽക്കാറ്റിലേക്ക് അലിഞ്ഞു ചേരുന്നത്. പക്ഷേ അപ്പോഴും ഒരു കാര്യം ഉറപ്പായിരുന്നു– ബോളിവുഡിലെ ‘കൊടുംക്രിമിനൽ’ പദ്ധതികളൊന്നും മോളിവുഡിൽ പിടിമുറുക്കില്ല. എന്നാലിപ്പോൾ അതിനും മാറ്റം വന്നിരിക്കുന്നു. മലയാള സിനിമയെ ഇന്ന് അടക്കിഭരിക്കുന്നത് ചില പുതുനിയമങ്ങളാണ്. മലയാളത്തിലെ ഒരു പ്രധാന താരത്തെ അടുത്തിടെ പൊലീസ്, മാരത്തൺ ചോദ്യംചെയ്യലിനു വിധേയനാക്കിയ സംഭവവും വിരൽ ചൂണ്ടുന്നത് അത്തരം കാര്യങ്ങളിലേക്കാണ്. 

ഒരു കാലത്ത് അതിന്റെ മഹിമ കൊണ്ട് പ്രശസ്തമായിരുന്ന മലയാള സിനിമ ഇന്ന് അതിന്റെ ഏറ്റവും പുതിയ രൂപത്തിൽ അറിയപ്പെടുന്നത് അത്തരം ചില പുതിയ നിയമങ്ങൾക്ക് കീഴ്പ്പെട്ടതിലൂടെയാണ്. സാമൂഹികമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ നിർണായക സ്വാധീന ശക്തിയായിട്ടുണ്ട് പലപ്പോഴും മലയാള സിനിമ. പ്രാദേശികവിപണിക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്ക് പലപ്പോഴും നമ്മുടെ സിനിമാ വ്യവസായവും നിർമാണവും വളർന്നിട്ടുമുണ്ട്. വർഷത്തിൽ ഇരുനൂറിലധികം ചലച്ചിത്രങ്ങൾ നമ്മുടെ കൊച്ചുകേരളത്തിലെ എണ്ണത്തിൽക്കുറഞ്ഞ തിയേറ്ററുകളിലേക്ക് ഇരച്ചെത്തിയതു തന്നെ ഉദാഹരണം. ഇവയെല്ലാം തിയേറ്റർ കലക്‌ഷനിലൂടെയല്ല, മറിച്ച് സിനിമയിൽ ഉൾപ്പെടുത്തിയ പരസ്യങ്ങളും സാറ്റലൈറ്റ്–ഡിജിറ്റൽ അവകാശങ്ങൾ വിറ്റതിലൂടെയുമെല്ലാമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.

പ്രവാസി നിർമാതാക്കളിറക്കുന്ന 10 കോടിയിൽ താഴെ വരുന്ന ബജറ്റു കൊണ്ടായിരുന്നു കേരളത്തിലെ ചലച്ചിത്ര നിർമാണങ്ങളിലേറെയും. ഇങ്ങനെ നിർമിക്കുന്ന ചിത്രങ്ങൾ ഒരാഴ്ചയിൽ കൂടുതലെങ്കിലും തിയേറ്ററിൽ നിന്നാലേ മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാനാകൂ. എന്നാൽ ഈ കണക്കുകളെയെല്ലാ തകിടം മറിച്ച ‘പുലിമുരുകന്റെ’ ഉദാഹരണം നമുക്കു മുന്നിലുണ്ട്; 1000 കോടി രൂപ മുടക്കി ‘രണ്ടാമൂഴ’വും വരാനിരിക്കുന്നു! ഇത്തരം സിനിമകളും ചലച്ചിത്രനിർമാണത്തിലെയും മാർക്കറ്റിങ്ങിലെയും കുത്തകവത്കരണവും ‘ബാഹുബലി’ പോലുള്ള സിനിമകളെ മാതൃകയാക്കി സൃഷ്ടിച്ചെടുത്തിട്ടുള്ള, അന്യദേശ–ഭാഷാ പ്രേക്ഷകരുടെ കൂടെ പിന്തുണയുള്ള, പുതിയ മലയാള സിനിമയുമെല്ലാം കേരളത്തിലെ ചലച്ചിത്രലോകത്ത് നിർണായക മാറ്റങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ദേശീയ പുരസ്കാരങ്ങൾ  പോലുള്ള അംഗീകാരങ്ങൾ കിട്ടുന്നുവെന്നത് വിസ്മരിക്കാതെ തന്നെ പറയാം, ഇത്തരം ‘വലിയ’ ചിത്രങ്ങൾ ചലച്ചിത്രമെന്ന കലാരൂപത്തിന്റെ കാഴ്ചപ്പാടിലൂടെ വിലയിരുത്തിയാൽ തികച്ചും ബുദ്ധിശൂന്യമായ നിർമാണങ്ങളാണ്. അത്തരം സിനിമകൾ പക്ഷേ നമ്മെ നയിക്കുന്നതാകട്ടെ തെലുങ്കിലേതു പോലെത്തന്നെ മലയാളത്തിലെയും ഇതിഹാസങ്ങളെ കാർട്ടൂണിനു സമാനമായ രീതിയിലേക്ക് മാറ്റുന്നതിലേക്കും‌.

താരകേന്ദ്രീകൃതമായ നിർമാണരീതിയിലേക്കു മലയാള സിനിമ മാറിയിരിക്കുന്നു. അതുവഴി അമിതമായ വാണിജ്യവത്കരണവും മേഖലയിലേക്ക് കടന്നുവന്നു. വിപണിയിൽ വിജയിക്കണമെങ്കിൽ സിനിമയിൽ ആറോ ഏഴോ താരങ്ങൾ വേണമെന്ന നിലയിലെത്തി കാര്യങ്ങൾ. ആ താരങ്ങള്‍ക്കാകട്ടെ, ബോക്സ് ഓഫിസിലെ ചൂതാട്ടത്തിന്റെ പങ്കുപറ്റാനെത്തുന്ന നിർമാതാക്കളുടെയും തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയുമെല്ലാം സംഘടനകളെ വിലപേശിയെടുക്കാനും സാധിച്ചു. ആ വിലപേശലിനു സ്വാഭാവികമായും സിനിമകളിലെ ‘സൂപ്പർ താരങ്ങൾ’ നെടുനായകത്വം വഹിച്ചു. ചലച്ചിത്രമേഖലയിലെ സകല സംഘടനകളോടും തങ്ങളെ അനുസരിക്കാനും ആജ്ഞാപിച്ചു. തങ്ങൾക്കാവശ്യമായ സംവിധായക–സാങ്കേതികപ്രവർത്തകരെയെല്ലാം താരങ്ങൾ തന്നെ തിരഞ്ഞെടുത്തു. തങ്ങൾക്കു കീഴെ വിനീതവിധേയരായി നിൽക്കുന്ന നിർമാതാക്കളെയെല്ലാം ചേർത്ത് സിനിമയ്ക്കാവശ്യമായ പണവും സ്വരുക്കൂട്ടി. തന്റെ നായിക ആരാണെന്നു വരെ തീരുമാനിക്കുള്ള അധികാരവും താരത്തിനു ലഭിച്ചു. 

ചലച്ചിത്രമെന്ന കലാരൂപത്തെ വെറുമൊരു വ്യവസായമെന്ന നിലയിലേക്ക് ഇടിച്ചു താഴ്ത്തിയപ്പോൾ സൂപ്പർതാരങ്ങളുടെ ‘ഡേറ്റ്’ ആയി എല്ലാം തീരുമാനിക്കുന്ന നിർണായക സ്വാധീന ശക്തി. വിപണി പിടിച്ചെടുക്കാനുള്ള കുതിപ്പിനിടെ ബാക്കിയെല്ലാം, സിനിമയുടെ ബൗദ്ധികവിജയത്തെ ഉറപ്പാക്കുന്ന തിരക്കഥ ഉൾപ്പെടെ, ഇത്തരക്കാരുടെ മുൻഗണനകളിലേ ഇല്ലെന്നായി. വരാനിരിക്കുന്ന ഒരു സ്റ്റേജ് പരിപാടിയും താൻ നിക്ഷേപമിറക്കിയിട്ടുള്ള ഭക്ഷ്യോൽപന്ന കമ്പനിയുടെയോ റസ്റ്ററന്റിന്റെയോ നിർണായക ബോർഡ് മീറ്റിങ്ങുമെല്ലാം പോലെത്തന്നെയായി ഈ താരങ്ങൾക്ക് ചലച്ചിത്രനിർമാണവും.  വിദേശ സ്റ്റേജ് ഷോയിൽ നിന്നും പുതിയൊരു വ്യാപാരം ആരംഭിക്കുന്നതിൽ നിന്നുമെല്ലാം എപ്പോൾ വേണമെങ്കിലും പിൻവാങ്ങാമെന്ന ‘തോന്നുംപടി’ അവസ്ഥയിലുമായി ഇവരുടെ കാര്യങ്ങൾ.

അനുഗ്രഹീത കലാകാരൻ കലാഭവൻ മണിയുടെ മരണം സ്വാഭാവികമെന്നും  വിഷം നൽകിയതാണെന്നുമെല്ലാം വാർത്തകൾ വന്നു. പത്തു വർഷക്കാലയളവിനിടെയായിരുന്നു ചലച്ചിത്രലോകത്തെ മിന്നുംവെളിച്ചത്തിലേക്കുള്ള മണിയുടെ വളർച്ച. ദലിത് വിഭാഗത്തിൽപ്പെട്ട ഒരു സാധാരണ ഓട്ടോക്കാരനിൽ നിന്ന് 300–500 കോടി രൂപയുടെ ആസ്തിയിലേക്കാണു മണി വളർന്നത്. ആ പണത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്കും വേണ്ടിയിട്ടുള്ളതായിരുന്നു. നെഞ്ചോടു ചേർത്ത് അദ്ദേഹം കൊണ്ടുനടന്ന ആരാധകർക്കും ലഭിച്ചു ആ ദാനധർമത്തിന്റെ ഗുണഫലം. പക്ഷേ അതിനിടയിലും സൗഹൃദങ്ങളെ കണ്ണടച്ചു വിശ്വസിച്ചു അദ്ദേഹം. അവരാകട്ടെ വേണ്ടപ്പെട്ടവരിൽ നിന്നു അദ്ദേഹത്തെ അകറ്റി. അഭിനയജീവിതത്തിന്റെ തിളക്കമേറിയ കാലത്തു തന്നെ ആരോഗ്യം ക്ഷയിച്ച് താറുമാറാകും വിധം അമിത മദ്യപാനവും പിടികൂടി. കുടുംബാംഗങ്ങൾ പറയുന്നത് മണിയുടേത് ഒരു അസ്വാഭാവിക മരണമാണെന്നാണ്; അതിന്മേൽ അന്വേഷണവും നടക്കുകയാണിപ്പോള്‍. 

വമ്പൻതുകകൾ വന്നിറങ്ങിയതോടെ ചലച്ചിത്രമേഖലയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന ക്രിയാത്മക ബന്ധങ്ങളും ഇല്ലാതായി. ലാഭത്തിന്റെ വീതംവയ്ക്കലിനെച്ചൊല്ലി പലപ്പോഴും വ്യക്തികളും സംഘടനകളും തമ്മിൽത്തല്ലായി. അതിന്റെ ഏറ്റവും അവസാനത്തെ കാഴ്ചയായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുണ്ടായത്. ഒടുവിൽ തിയേറ്റർ ഉടമകളിലെ ഒരു വിഭാഗത്തെ ‘അടർത്തിയെടുത്ത്’ നിർമാതാക്കളുമായി പുതിയ  ഒത്തുതീർപ്പുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്. സാമ്പത്തികപരമായ വഴക്കുകളെ സിനിമാക്കാർക്കിടയിലെ സ്ഥിരം കാഴ്ചയാക്കി മാറ്റുന്നതിൽ അഭിനേതാക്കളുടെ വമ്പൻ സ്വത്തും കാരണമായിട്ടുണ്ട്. സിനിമയ്ക്കൊപ്പം അഭിനേതാക്കൾ പുതിയ ബിസിനസുകളിലേക്ക് നീങ്ങിയതും സംശയാസ്പദമായ കമ്പനികളുടെ വരെ ബ്രാൻഡ് അംബാസഡർമാരായാതുമെല്ലാം പുതിയ ദുഷ്പ്രവണതകളിലേക്കും വഴിവച്ചു. ചില മുൻനിര ബ്രാൻഡുകൾ സിനിമകൾ നിർമിക്കാൻ വരെയെത്തി. പക്ഷേ ലക്ഷ്യം തങ്ങളുടെ ഉൽപന്നങ്ങളുടെ പ്രമോഷനായിരുന്നു. ഫ്ലാറ്റുകളും മറ്റ് ഭൂമി ഇടപാടുകളും ലക്ഷ്വറി കാറുകളും ആഭരണങ്ങളും എന്തിനേറെപ്പറയണം മദ്യത്തിന്റെ വരെ പ്രമോഷനു വേണ്ടി അവർ സിനിമയെ ഉപയോഗിച്ചു. സമീപകാലസിനിമകളിൽ മദ്യപാനം ഒഴിച്ചുകൂടാനാകാത്ത ഒരു ‘ഫാഷൻ’ ആയി മാറിയതും  ആകസ്മികമല്ല. ‘അതിഥിസത്കാര’  മേഖലയിലെ വമ്പൻ കമ്പനികളും സിനിമകളിലേക്ക് ഇരച്ചുകയറുന്നത് മദ്യപാനത്തിലേക്കുള്ള വഴി എളുപ്പം വെട്ടുന്നതിനു കൂടിയാണ്.

ഇത്തരം വന്യമായ സാഹചര്യങ്ങളിൽ മലയാളത്തിലെ തിരക്കഥാകൃത്തുക്കളും വഴിതെറ്റുക സ്വാഭാവികം. അങ്ങനെയാണ് അമാനുഷികരായ, മറ്റുള്ളവരെ പീഡിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന കേന്ദ്രകഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. സ്വാഭാവികമായും സ്ത്രീ കഥാപാത്രങ്ങളെ അധിക്ഷേപിക്കുന്നതിലും ഉപദ്രവിക്കുന്നതിലും അവർ ആഹ്ലാദം കണ്ടെത്തും. പ്രണയിനിയെപ്പോലും പീഡിപ്പിച്ചുകളയുമെന്ന തരത്തിലുള്ള, ഏതാണ്ടെല്ലാ സൂപ്പർതാരങ്ങളും സ്ഥിരം പറയുന്ന, ഡയലോഗുകൾക്കു പിന്നിലും ഇക്കാരണം തന്നെയാണ്. നായികമാരെ ഇടിച്ചുതാഴ്ത്തി അധിക്ഷേപിക്കുകയെന്നത് തിരശീലയിൽ പ്രകടമായ കാര്യമാണിന്ന്. അതിനാൽത്തന്നെയാണ് അത്തരത്തിലുള്ള ചില കഥാപാത്രങ്ങൾ ചെയ്തതിൽ നടൻ പൃഥ്വിരാജ് ക്ഷമ പറഞ്ഞതും ഇനി സ്ത്രീവിരുദ്ധ ഡയലോഗുകളെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളിൽ പ്രവർത്തിക്കില്ലെന്ന തീരുമാനമെടുത്തതും. നായികാകഥാപാത്രങ്ങൾക്കു നേരെയുള്ള വിഷയലമ്പടനായ നായകന്റെ മോശം പെരുമാറ്റത്തെ തുടർച്ചയായി മഹത്വവത്കരിക്കുന്നതിന്റെ ചീത്തപ്പേര് സംവിധായകൻ രഞ്ജിത്തും കേട്ടിട്ടുണ്ട്. 

ഒരു കാര്യം ഉറപ്പിച്ചു പറയാം, ഈ സഹസ്രാഹബ്ദത്തിനൊടുവിൽ മലയാളി ആർജിച്ചെടുത്ത അപകടരമായ ചിന്താഗതിയിലേക്ക് ഇത്തരത്തിൽ തുടർച്ചയായി സ്ത്രീകളുടെ സ്വത്വത്തിനു നേരെയുണ്ടായ അവഹേളനവും ആക്രമണവും  നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിതച്ചതേ കൊയ്യൂ, അതിപ്പോൾ സിനിമയാണെങ്കിലും അങ്ങനെത്തന്നെ. സിനിമകളിൽ നിന്ന് സമൂഹം സ്വായത്തമാക്കുന്ന കാര്യങ്ങൾ മറ്റു പരസ്യരീതികളിൽ നിന്നുള്ളതിനേക്കാളും  ഏറെയാണ്. കുലീനമായ സിനിമാക്കാലത്തു നിന്ന് മസിൽക്കരുത്തിൽ വളർന്ന മൂലധന–വാണിജ്യ കേന്ദ്രീകൃതമായ പുതുസിനിമാലോകം മലയാളസിനിമയ്ക്ക് പുതിയ തരം നിയമപാലകരെയും നൽകി. അവർ മലയാളസിനിമയുടെ തന്നെ നിയമപാലകരായി. അതോടെ ഒരിക്കൽ ഒഴിവാക്കി വിട്ടതെല്ലാം പതിയെ നിയമങ്ങളായി മാറുന്ന അവസ്ഥയായി.

വ്യക്തികളും വാണിജ്യവും തമ്മിലുള്ള ഉടമ്പടികൾ സാധാരണഗതിയിൽ നടപ്പിലാക്കുന്നതിൽ നിയമസംവിധാനങ്ങൾ അശക്തമാകുമ്പോഴാണ്  സമാന്തരമായി അധോലോകവും പൊട്ടിമുളയ്ക്കുന്നത്. തങ്ങളുടെ തലപ്പത്തുള്ളവർക്കു വേണ്ടി ഒരു നടിയെ ലൈംഗികമായി ആക്രമിച്ച് എളുപ്പത്തിൽ പണം തട്ടാമെന്നു കരുതുന്ന പ്രൊഡക്‌ഷൻ ഹൗസ് ഡ്രൈവർമാരും മലയാളസിനിമാലോകം അടുത്തകാലത്ത് അത്തരത്തിലുണ്ടാക്കിയ ഉടമ്പടിയുടെ ഫലമാണ്.  ബെനാമി ഭൂമി ഇടപാടുകളും പുറംലോകമറിയിക്കാതെ പൂഴ്ത്തി വച്ച സ്വത്തുവിവരങ്ങളുമെല്ലാമാണ്  ഇന്ന് മോളിവുഡിന്റെ മുഖമുദ്രയായ ക്രിമിനൽ സ്വഭാവത്തിലേക്കു വഴിവച്ചത്. അതിരൂക്ഷമായ പുരുഷകേന്ദ്രീകൃത സ്വഭാവവും അധികാരപ്രയോഗങ്ങളുമെല്ലാം നടിമാരുടെയും സാങ്കേതികവിദഗ്ധരുടെയുമെല്ലാം ശബ്ദം പുറത്തു വരാത്തവിധം ശ്വാസം മുട്ടിക്കുകയാണ്. ഇതിനിടയിലാണ് നടിക്കു നേരെയുള്ള ആക്രമണത്തിന്റെ വിവരങ്ങൾ ദിനംപ്രതി പുറത്തുവന്നുകൊണ്ടേയിരിക്കുന്നത്. കൂടുതൽ നാറിയകാഴ്ചകളിലേക്കായിരിക്കും ഇത് നയിക്കുകയെന്നതും ഉറപ്പ്. 

സിനിമയിൽ ആറോ ഏഴോ താരങ്ങളുടെ തല കണ്ടാൽ മാത്രമേ ബോക്സ് ഓഫിസിൽ ഇനിഷ്യൽ കലക്‌ഷൻ ഉറപ്പാക്കാനാകൂ എന്നതിലുണ്ട് പ്രശ്നം. അടുത്തിടെ താരപദവിയിലേക്കുയർന്ന ടൊവിനോ തോമസിന്റെ തന്നെ കാര്യമെടുക്കാം. ചില മാധ്യമങ്ങളിലൂടെയും ഓൺലൈനായും അദ്ദേഹത്തെ ലക്ഷ്യം വച്ചുണ്ടായ ആക്രമണങ്ങളെയെല്ലാം മറികടക്കേണ്ടി വന്നു മലയാള ചലച്ചിത്രലോകത്ത് തന്റേതായ ഒരു വിലാസമുണ്ടാക്കിയെടുക്കാൻ. സിനിമാവ്യവസായത്തിലെ മൂലധനത്തിലേറെയും ചില വ്യക്തികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് ഇത്തരത്തിൽ പല പുതുതാരങ്ങളുടെയും അവസരങ്ങളെയാണ് നഷ്ടപ്പെടുത്തുന്നത്. ശ്വാസം മുട്ടിക്കുന്ന വിധത്തിൽ സിനിമയെ പൂണ്ടടക്കം പിടിക്കുന്ന താരങ്ങളുടെ നടപടിയെ നേരത്തേ നടൻ തിലകൻ വിമർശിച്ചിരുന്നതാണെന്നോർക്കണം.

മലയാളത്തിൽ ഇന്ന് പരീക്ഷണസിനിമകൾ പതിയെ ഇല്ലാതാവുകയാണ്. അതേസമയം തമിഴ് സിനിമയിൽ പുത്തൻ വിഷയങ്ങളും പുതുസംവിധായകരും ഉയർന്നുവരുന്നു. വിലയിരുത്തി പഠിക്കേണ്ട കാര്യമാണിത്. മലയാളത്തിൽ കഴിവുകുറഞ്ഞ ചിലരുടെ കുത്തകവത്കരണം  പതിയെപ്പതിയെ മത്സരങ്ങൾ ഇല്ലാതാക്കുകയാണ്, ഒപ്പം യഥാർഥ കഴിവുള്ളവർ ചലച്ചിത്രലോകത്തേക്ക് കടക്കുന്നതിന് അവർ തടയിടുകയും ചെയ്യുന്നു. മലയാളസിനിമയിലെ ക്രിമിനലുകളെ കൃത്യതയാർന്ന അന്വേഷണത്തിലൂടെയും ശിക്ഷകളിലൂടെയും തുടച്ചുനീക്കുക തന്നെ വേണം. അതോടൊപ്പം തന്നെ തങ്ങളുടെ ലക്ഷ്യവും വഴിയുമേതാണെന്ന് സിനിമാലോകം തിരിച്ചറിയുകയും വേണം. ഇമവെട്ടാതെ നോക്കിയിരിക്കാവുന്ന വെറും സുന്ദരചിത്രങ്ങൾ മാത്രമല്ല പല സൂപ്പർതാരങ്ങളും. പല ക്രിമിനൽ നൂലാമാലകളിലേക്കും അനാവശ്യമായാണ് അവർ എടുത്തുചാടുന്നതും. തങ്ങളുടെ മേഖലയിൽ, കലാപരമായ ഔന്നത്യങ്ങളിലേക്ക് കൈയ്യെത്തിപ്പിടിക്കുകയെന്നതാകണം  തങ്ങളുടെ ലക്ഷ്യമെന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. സൂപ്പർതാരങ്ങളുടെ ‘അച്ചാറുണ്ടാക്കാനുള്ള’ കഴിവിനെയും മാർക്കറ്റിങ് പാടവങ്ങളെയുമെല്ലാം മറികടന്ന്, എല്ലാറ്റിനും മുകളില്‍ കലാപരമായുള്ള ആ നേട്ടങ്ങളായിരിക്കണം പരമാധിപത്യം സ്ഥാപിക്കേണ്ടത്. എന്നാൽമാത്രമേ നിലവിൽ തകിടംമറിഞ്ഞു കിടക്കുന്ന കലാപരവും ധാർമികപരവും സദാചാരപരവുമായ അവസ്ഥകളെ നേർവഴിയ്ക്കാക്കാൻ സാധിക്കുകയുമുള്ളൂ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :