മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് വിടവാങ്ങിയിട്ട് എട്ടുവര്‍ഷം. ജീവിതഗന്ധിയായ തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയില്‍ ലോഹി എഴുതിചേര്‍ത്തത് പകരക്കാരനില്ലാത്തൊരിടം.
നാട്ടിടവഴികളിലെ ജീവിതങ്ങളുടെ വേഷപകര്ച്ചകള് ലോഹി കാലത്തിന്റെ തൂലിക കൊണ്ട് പകര്‍ത്തിയെഴുതി. നാടകരംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് സിനിമയുടെ വെളളിവെളിച്ചത്തിലേക്ക് തിലകന് കൈപിടിച്ചത്. 1987 ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത തനിയാവര്ത്തനത്തിന് തിരക്കഥയൊരുക്കി കൊണ്ട്.
തിരക്കഥാകൃത്ത്, സംവിധായകന്, ഗാനരചയിതാവ്, നിര്‍മാതാവ് അങ്ങനെ സിനിമയിലെല്ലാമായി നിറയുമ്പോഴും അതൊന്നും തന്നെ തനിയാവര്‍ത്തനമായിരുന്നില്ല. അതായിരുന്നു ലോഹിതദാസിനെ വേറിട്ടുനിര്‍ത്തിയത്.തിരയെഴുത്തിന്റെ കുപ്പായിനൊപ്പം 1997-ല്‍ ഭൂതക്കണ്ണാടിയിലൂടെ സംവിധാകന്റെ കുപ്പായത്തിലേക്ക്.
കിരീടം, ചെങ്കോല്‍, കന്മദം, സല്ലാപം, ഭരതം, വെങ്കലം, വാല്‍സല്യം, അമരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തുടങ്ങി മലയാളത്തില്‍ നാഴികക്കല്ലായ ഒട്ടേറെ ചിത്രങ്ങള്‍. 22 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 44 ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി, 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 'ഭീഷ്മര്‍' എന്ന വലിയ സ്വപ്നം ബാക്കിവച്ചായിരുന്നു അപ്രതിക്ഷിത പടിയിറക്കം.
കലയുടെ ഫ്രെയിമില്‍ നിന്നും കാലത്തിന്റെ താഴ്വാരം താണ്ടിയ ആ സര്‍ഗപ്രതിഭ. അമരാവതിയുടെ പൂമുഖത്ത് ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കാനാണ് മലയാളിക്ക് ഇഷ്ടം.