ഒരു സിനിമക്കാരൻ എന്ന ചിത്രത്തിൽ നിന്ന് ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. രജീഷ വിജയനാണു നായിക. വിനീത് ശ്രീനിവാസനാണു നായകൻ. ഇരുവരും ഒന്നിച്ചുള്ള രസകരമായ ചില സംഭവങ്ങളും പ്രണയാർദ്രമായ നിമിഷങ്ങളുമാണു പാട്ടിന്റെ വിഡിയോയിലുള്ളത്. പാട്ടിന്റെ വിഡിയോയിലുള്ള രജീഷയുടെ ലുക്ക് ഇതിനോടകം ഏറെ ശ്രദ്ധ നേടി. രംഗങ്ങൾ പോലെ മനോഹരമാണു പാട്ടും. ബിജിബാലിന്റേതാണു സംഗീതം. ഒഴുകിയൊഴുകി എന്നു തുടങ്ങുന്ന പാട്ടിന്റെ ഈണവും ഒരു പുഴയുടെ ഓളങ്ങൾ പോലെ ഭംഗിയുള്ളതാണ്. പിന്നെയും പിന്നെയും കേട്ടിരിക്കാനും കാണാനും ഒരുപോലെ ഭംഗിയുള്ള പാട്ട്.
റഫീഖ് അഹമ്മദിന്റെ വരികൾ ഹരിചരണും ശ്വേത മോഹനുമാണ് പാടിയത്. കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമുള്ള സ്വരമാണ് ഇരുവര്‍ക്കും. ആ സ്വരങ്ങളുടെ ചേല് അതുപോലെ തന്നെയുണ്ട്. ഇന്നലെയെത്തിയ ഗാനം ഇതിനോടകം ഒന്നര ലക്ഷത്തോളം പ്രാവശ്യമാണു യുട്യൂബ് വഴി ആളുകൾ കണ്ടത്. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. സുധീർ സുരേന്ദ്രനാണ് കാമറാമാൻ. ഛായാഗ്രഹണ മികവ് ഈ പാട്ടിൽ തന്നെ അറിയാനാകും. രഞ്ജൻ എബ്രഹാമാണ് സിനിമ എഡിറ്റ് ചെയ്തത്. തോമസ് പണിക്കരാണ് ഓപസ് പെന്റയുടെ ബാനറിൽ സിനിമ നിർമിക്കുന്നത്.