വെടിക്കെട്ടുതന്നെ.. കഥ തിരിഞ്ഞും മറഞ്ഞുമെല്ലാം പോകുന്നുണ്ടെങ്കിലും ബാഹുബലി കണ്ടുകൊണ്ടിരിക്കാൻ കഥ വേണ്ട. ഓരോ നിമിഷവും അമ്പരപ്പിക്കുന്ന വെടിക്കെട്ടാണിത്. ആദ്യ ഭാഗത്തെക്കാൾ നന്നായോ മോശമായോ എന്നൊന്നും ആലോചിക്കാൻ സമയമില്ലാത്ത സിനിമ. ഇതു രണ്ടു പേരുടെ സിനിമയാണ്. രാജമൗലിയുടെയും സാബു സിറിളിന്റെയും.
മസാലയുടെ എല്ലാ തന്ത്രവും അറിയാവുന്ന രാജമൗലി പ്രഭാസിനെ കാണിക്കുന്നതുതന്നെ അതി മനോഹരമായാണ്. എന്നാൽ നായികയായ അനുഷ്കയെ അവതരിപ്പിക്കുന്നതാണ് അതിലും മനോഹരം.. ഏതൊരു താരവും മോഹിച്ചു പോകുന്ന ഇൻഡ്രൊഡക്ഷൻ. ആദ്യത്തെ 25 മിനിറ്റുകൊണ്ടുതന്നെ രാജമൗലിയും സാബു സിറിലും തങ്ങളുടെ സാന്നിധ്യവും പ്രതിഭയും ബാഹുബലിയിൽ കാണിച്ചുതരും.. ആദ്യ സിനിമയിൽ എന്തിനു കട്ടപ്പ ബാഹുബലിയെ കൊന്നു എന്നതിനു ഉത്തരം വിശ്വസനീയമായി പറയാൻ രാജമൗലിക്കു കഴിഞ്ഞിരിക്കുന്നു. എന്നാൽ പിന്നീടു കാര്യമായി കഥ പറയാൻ രാജമൗലിയുടെ കഥയിൽ മരുന്നില്ല. പക്ഷെ ഉള്ളതുകൊണ്ട് ബ്രഹ്മാണ്ഡ സീനുകളുണ്ടാക്കാൻ കഴിയുകയും ചെയ്തിരിക്കുന്നു.