ഓഫറുകളുടെ പൂക്കളമൊരുക്കിയാണ് മൊബൈൽ ഫോൺ വിപണി ഓണക്കച്ചവടം കൊഴുപ്പിക്കുന്നത്. സമ്മാനങ്ങൾക്കൊപ്പം, പ്രത്യേക വിലക്കിഴിവുകളും, അധിക വാറണ്ടിയും വിവിധ കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെൻസ് കാർ മുതൽ സെൽഫി സ്റ്റിക് വരെ നീളുന്നു വിവിധ മൊബൈൽ കമ്പനികളുടെ സമ്മാനപ്പട്ടിക. ഇതിന് പുറമെ വ്യാപാരികളും സമ്മാനമഴ തീർത്ത് ഓണക്കച്ചവടം കൊഴുപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് ഇക്കുറി കച്ചവടം കുറവാണെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
സ്മാർട് ഫോണുകളോടാണ് വിപണിയിൽ ഏറെ പ്രിയം. വരും ദിവസങ്ങളിൽ മൊബൈൽ ഫോൺ വിപണിയിലും ഓണത്തിരക്കേറുമെന്നാണ് ഭൂരിപക്ഷം വ്യാപാരികളുടേയും പ്രതീക്ഷ. സമ്മാനങ്ങൾക്ക് പുറമെ പലിശരഹിത തവണവ്യവസ്ഥയിൽ സ്മാർട്ഫോൺ സ്വന്തമാക്കാനുള്ള അവസരവും ഓണവിപണിയിലുണ്ട്.