സ്പോര്‍ട്സ് ഫൊട്ടോഗ്രഫിയില്‍ ഒരു സെക്കന്‍ഡില്‍ എത്ര ഫ്രെയിം ഷൂട്ടു ചെയ്യാമെന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ക്യാനനും നിക്കോണും കൈയ്യടക്കി വച്ചിരുന്ന മേഖലകളില്‍ ഒന്നാണിത്. സോണി പുറത്തിറക്കിയ ആല്‍ഫാ 9 (alpha 9) ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 20 ഫ്രെയിം എടുക്കാനാകും! (ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 60 ഫ്രെയിം എന്ന രീതിയില്‍ ഓട്ടോഫോക്കസ്, ഓട്ടോ എക്സ്പോഷര്‍ കാര്യങ്ങളിലും ക്യാമറയ്ക്ക് ശ്രദ്ധിക്കാന്‍ സാധിക്കുമെന്നത് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് അനുഗ്രഹമാകും.) പ്രാഥിമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സോണിയുടെ ഷൂട്ടിങ് സ്പീഡ് അവകാശവാദം തട്ടിപ്പല്ല.
പരമ്പരാഗത ക്യാമറാ നിര്‍മാതാക്കളില്‍, വേറിട്ടു ചിന്തിക്കാന്‍ കഴിയുമെന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെളിയിച്ചു വരികയായിരുന്ന സോണി, ക്യാനിക്കോണിന്റെ (Canikon) മറ്റൊരു കോട്ടയിലേക്കും പാഞ്ഞു കയറുകയാണ്. ലോകത്തെ ആദ്യത്തെ ഫുള്‍ഫ്രെയിം മിറര്‍ലെസ് സ്പോര്‍ട്സ് ക്യാമറ എന്ന വിശേഷണമാണ് ഈ ക്യാമറയ്ക്കു ചേരുന്നത്. സ്റ്റാക് ചെയ്തു നിര്‍മിച്ച, 24MP ഫുള്‍ഫ്രെയിം സെന്‍സറാണ് ക്യാമറയിലുള്ളത് എന്നത് മറ്റു ക്യാമറാ നിര്‍മാതാക്കളുടെ ഉറക്കം കെടുത്തും. തുടര്‍ച്ചയായി 241 കംപ്രെസ് ചെയ്ത റോ, അല്ലെങ്കില്‍ 362 ജെയ്പെഗ് ചിത്രങ്ങള്‍ എടുക്കാനുള്ള പ്രാപ്തിയും ക്യാമറയ്ക്കുണ്ട്.