കിവീസിനെ കറക്കി വീഴ്ത്തി സ്പിന്നർമാർ; ഇന്ത്യയ്ക്ക് 49 റണ്‍സ് ലീഡ്

axar-patel-05
SHARE

കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്. ന്യൂസീലന്‍ഡ് 296 റണ്‍സിന് പുറത്തായി. 82 റണ്‍സെടുക്കുന്നതിനിടെയാണ് കിവീസിന് എട്ടുവിക്കറ്റുകള്‍ നഷ്ടമായത്. അക്സര്‍ പട്ടേല്‍ അഞ്ചുവിക്കറ്റും ആര്‍.അശ്വിന്‍ മൂന്നുവിക്കറ്റും വീഴ്ത്തി. 95 റണ്‍സെടുത്ത ടോം ലാഥമാണ് കീവീസ് നിരയിലെ ടോപ് സ്കോറര്‍. വില്‍ യങ് 89 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. ഒരു വിക്കറ്റ് നഷ്ടത്തിൽ 197 റൺസുമായി കരുത്തുകാട്ടിയ ന്യൂസീലൻഡിനെ, കരിയറിലെ നാലാം ടെസ്റ്റിൽനിന്ന് അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി റെക്കോർഡിട്ട അക്ഷർ പട്ടേലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ എറിഞ്ഞുവീഴ്ത്തിയത്. 

അവസാന ഒൻപതു വിക്കറ്റുകൾ 99 റൺസിനിടെ നഷ്ടമാക്കിയാണ് ന്യൂസീലൻഡ് 296 റൺസിൽ ഒതുങ്ങിയത്. അക്ഷർ പട്ടേൽ 34 ഓവറിൽ 62 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവിചന്ദ്രൻ അശ്വിൻ മൂന്നും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ബോൾ ചെയ്തവരിൽ വിക്കറ്റ് ലഭിക്കാതെ പോയത് ഇഷാന്ത് ശർമയ്ക്കു മാത്രം. സെഞ്ചുറിയുടെ വക്കോളമെത്തി പുറത്തായ ഓപ്പണർമാരുടെ സെഞ്ചുറിനഷ്ടം കിവീസിന് നിരാശയായി. 95 റൺസെടുത്ത ഓപ്പണർ ടോം ലാതമാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. 282 പന്തുകൾ നേരിട്ട ലാതം 10 ഫോറുകൾ സഹിതമാണ് 95 റൺസെടുത്തത്. വിൽ യങ് 89 റൺസെടുത്ത് പുറത്തായി. 214 പന്തുകൾ നേരിട്ട യങ് 15 ഫോറുകൾ സഹിതമാണ് 89 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 151 റൺസിന്റെ കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്സിന് അടിത്തറയിട്ടത്.

ഇരുവരും പുറത്തായതിനു ശേഷം ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (64 പന്തിൽ 18), റോസ് ടെയ്‍ലർ (28 പന്തിൽ 11), ഹെൻറി നിക്കോൾസ് (2), രചിൻ രവീന്ദ്ര (23 പന്തിൽ 13), ടോം ബ്ലണ്ടൽ (94 പന്തിൽ 13), ടിം സൗത്തി (13 പന്തിൽ അഞ്ച്), വില്യം സോമർവിൽ (52 പന്തിൽ ആറ്) എന്നിവർക്ക് കാര്യമായി തിളങ്ങാനാകാതെ പോയതാണ് ന്യൂസീലൻഡിന് തിരിച്ചടിയായത്. കൈൽ ജയ്മിസൻ 75 പന്തിൽ 23 റൺസെടുത്ത് പുറത്തായി. അജാസ് പട്ടേൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.

MORE IN BREAKING NEWS
SHOW MORE