നടി ആക്രമിക്കപെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിനെ മലയാള ചലചിത്രമേഖലയിലെ പ്രമുഖർ സന്ദർശിച്ചു. വീടിന് പുറത്ത് കാത്തുനിന്ന ആരധകരോട് ദിലീപ് കുശലം പറഞ്ഞെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദിലീപിനെ സന്ദർശിക്കാൻ എത്തിയ ദ്യശ്യങ്ങൾ പകർത്തിയതിന് സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി.
സംഗീത നാടക അക്കാദമി അധ്യക്ഷയും മുതിർന്ന നടിയുമായ കെ പി എ സി ലളിത പറവൂർ കവലയിലെ വീട്ടിലെത്തി ദിലീപിനെ കണ്ടു. തൊട്ട് പിന്നാലെ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയും, നിർമാതാവ് ടോമിച്ചൻ മുളകുപാടവും ദിലീപിനെ സന്ദർശിച്ചു.ഇതിനിടയിൽ ആരാധകരെ കാണാനായി ദിലീപ് വീടിന് പുറത്തെത്തി.
ഉച്ചയോടെ സംവിധായകൻ എബ്രിഡ് ഷൈനും ദിലീപിന്റെ വീട്ടിലെത്തി. ദ്യശ്യങ്ങൾ പകർത്തിയ മാധ്യ പ്രവർത്തകരോട് അതിരൂക്ഷമായിട്ടായിരുന്നു എബ്രിഡ് ഷൈൻ പ്രതികരിച്ചത്. കഴിഞ്ഞ രാത്രി ഏറെ വൈകി അഭിഭാഷകൻ ബി.രാമൻപിള്ളയെ ദിലീപും കാവ്യയും സന്ദർശിച്ചു.