രോഹിന്ഗ്യ മുസ്ലിം അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കും. രോഹിന്‍ഗ്യകളെ തിരിച്ചയക്കണമെന്ന നയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിക്കും.
രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്ന നാല്പതിനായിരം രോഹിന്ഗ്യന് മുസ്ലിമുകള് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. സ്വന്തം പൗരന്മാരുടെ മൗലികാവകാശമാണ് സുപ്രീംകോടതി സംരക്ഷിക്കേണ്ടത്. രോഹിന്ഗ്യന് മുസ്ലിമുകള്ക്ക് ഭരണഘടനാപരിരക്ഷയ്ക്ക് അര്‍ഹതയില്ല. ഇവരെ ഒഴിപ്പിക്കുന്ന വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടും.
നീതി തേടി രോഹിന്‍ഗ്യകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അതേസമയം, രോഹിന്ഗ്യന് അഭയാര്‍ഥികളെ തിരിച്ചയക്കുന്ന നടപടിയെ ദേശീയ മനുഷ്യാവകാശ കമ്മിഷന് സുപ്രീംകോടതിയില്‍ എതിര്‍ക്കും. മ്യാന്മറിലേക്ക് തിരിച്ചയച്ചാല്‍ രോഹിന്‍ഗ്യകള്‍ ക്രൂരപീഡനത്തിന് ഇരയാകുമെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ നിലപാട്.