തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ടി.ടി.വി.ദിനകരന് വിഭാഗം മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇതേ ആവശ്യമുന്നയിച്ച് ഡി.എം.കെ നല്കിയ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടയിലാണ് ദിനകരന് വിഭാഗത്തെയും കക്ഷി ചേരാന്‍ കോടതി അനുവദിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് ഡി.എം.കെയ്ക്ക് വേണ്ടി ഹാജരായത്. അതേസമയം ദിനകരന് അനുകൂല എം.എല്‍.എമാരോട് ഇന്ന് നേരിട്ട് ചേംബറില്‍ ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.
ദിനകരന് വിഭാഗത്തെ പ്രതിനിധീകരിച്ച് വെട്രിവേല്‍ എം.എല്‍.എ സ്പീക്കറെ കണ്ട് എം.എല്‍.എമാര്‍ക്ക് ഹാജരാകാന്‍ അഞ്ച് ദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമസഭയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ച സംഭവത്തില്‍ ഡി.എം.കെ എം.എല്‍.എമാര്‍ക്കെതിരെ നടപടി പാടില്ലെന്ന ഉത്തരവിന്റെ കാലാവധി ഒക്ടോബര്‍ പന്ത്രണ്ടുവരെ മദ്രാസ് ഹൈക്കോടതി നീട്ടി. എം.കെ.സ്റ്റാലിനടക്കമുള്ള ഇരുപത്തിയൊന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നു നിയമസഭ പ്രിവിലജ് കമ്മറ്റിയുടെ നീക്കം.