തമിഴ്നാട് വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. അണ്ണാ ഡിഎംകെയില്‍ ടി.ടി.വി.ദിനകരനൊപ്പമുള്ള പത്തൊന്‍പത് എംഎല്‍എമാര്‍ എടപ്പാടി പളനിസാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. വിശ്വസ്തരായ മൂന്നുപേരൊഴികെയുള്ളവരെ പുതുച്ചേരിയിലെ റിസോര്‍ട്ടുകളിലേക്ക് ദിനകരന് മാറ്റി. കൂടുതല്‍ എംഎല്‍എമാരെ ക്യാംപിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ ദിനകരന് തുടങ്ങിയിട്ടുണ്ട്.
ഇതിനുപിന്നാലെ നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന് ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ഗവര്‍ണറുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും മറ്റ് രാഷ്ട്രീയനീക്കങ്ങള്‍. എന്നാല്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇപ്പോള്‍ മുംബൈയിലാണ്.