രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ടയെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ബാലറ്റില്‍ നോട്ട ഉള്‍പ്പെടുത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കിയിരുന്നു. നോട്ടയെ. നിയമപരമായി നേരിടാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഒരു വശത്ത് ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയും മറുവശത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റവും നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. ഒഴിവുവരുന്ന മൂന്നുസീറ്റില്‍ രണ്ടുപേരെ അനായാസം വിജയിപ്പിക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കഴിയും എന്നാല്‍ മല്‍സരം മുറുകുന്ന മൂന്നാമത്തെ സീറ്റില്‍ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേലിന്റെ വിജയം കോണ്‍ഗ്രസിന്റെ അഭിമാനപ്രശ്നമാണ്. പാളയം വിട്ടവരെ മാറ്റിനിര്‍ത്തിയാല്‍, ബാക്കിയുള്ള നാല്പ്പത്തിനാല് എംഎല്‍എമാരും എന്‍സിപിയുടെ രണ്ട് അംഗങ്ങളും പിന്തുണച്ചാല്‍ മാത്രമെ ഇത് സാധ്യമാകൂ. പട്ടേലിനെ വിജയിപ്പിക്കണം, അതോടൊപ്പം നോട്ടയ്ക്ക് വോട്ട് കുത്തരുതെന്നും എംഎല്‍എമാര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.
സുപ്രീംകോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ കോണ്‍ഗ്രസിനത് പാതിആശ്വാസമാകും. അവസാനവട്ടം കൂറുമാറിയെത്തുന്നവരിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബല്‍വന്ത് സിങ് രാജ്പൂത്തിനെയാണ് അങ്കം മുറുകിയ മൂന്നാമത്തെ സീറ്റിനായി ബി.ജെ.പി ഇറക്കിയത്.