കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും.
നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഡാലോചന നടന്നത് കൊച്ചിയിലെയും ,തൃശൂരിലെയും വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ച് തെളിവെടുപ്പ് നടത്തണെമെന്ന നിലപാടിലാണ് പൊലീസ്. കേസിനു പിന്നിലെ ഗൂഡാലോചനയില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യമുറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് ദിലീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ മജിസ്ട്രേറ്റിനു മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയാണ് ദിലീപിന്റെ ജാമ്യേപക്ഷ. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ഇത് സാധൂകരിക്കാന്‍ പോന്ന 19 പ്രഥമിക തെളിവുകള്‍ ഹാജരാക്കുകയും ചെയ്ത സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേസമയം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റിനുളള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.