നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയെ രൂക്ഷമായി വിമര്‍ശിച്ച്, അമ്മ വൈസ് പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാര്‍ ഇന്നസെന്റിനയച്ച കത്ത് പുറത്തുവന്നു. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചെന്നും ഒപ്പമുള്ളവരെ സംരക്ഷിക്കാന്‍ കഴിയാത്ത സംഘടന അപ്രസക്തമാണെന്നും ഗണേഷ്കുമാര് കത്തില്‍ പറയുന്നു. എന്നാല്‍ അമ്മ യോഗത്തിനുമുന്പയച്ച കത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അമ്മയിലെ നെറികെട്ടവരാരോ ആണ് കത്ത് പുറത്തുവിട്ടതെന്നും ഗണേഷ് വിശദീകരിച്ചു.
അമ്മ നേതൃയോഗത്തിനുശേഷം ഗണേഷും മുകേഷ·ും നടത്തിയ പ്രകടനം കടുത്ത വിമര്ശനത്തിനിടയാക്കിയതിനുപിന്നാലെയാണ് സംഘടനയെ വിമര്‍ശിച്ച് ഗണേഷ് നേരത്തേ അയച്ച കത്ത് പുറത്തുവന്നത്. സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനത്തിന് മുറിവേറ്റപ്പോള്‍ അമ്മ ഗൗരവമായി ഇടപെട്ടില്ലെന്ന് കത്തില്‍ ആരോപിക്കുന്നു. ആവശ്യപ്പെട്ടിടും ഇന്നസെന്റ് പ്രശ്നത്തില്‍ ഇടപെട്ടില്ല. ദിലീപിനെ വേട്ടയാടിയപ്പോള്‍ നിസംഗത പാലിച്ചെന്നും ഗണേഷ് കത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ കത്ത് അമ്മ എക്സിക്യൂട്ടിവ് ചര്‍ച്ചചെയ്ത് നിലപാടെടുത്തതാണെന്നും അതില്‍ താന്‍ തൃപ്തനാണെന്നും ഗണേഷ് വിശദീകരിച്ചു. കത്ത് പുറത്തുവിട്ടത് നെറികെട്ട ആരോ ആണ്. അതേസമയം വാര്‍ത്താസമ്മേളനത്തില്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് എം.മുകേഷ് എംഎല്‍എ കോട്ടയത്ത് അവകാശപ്പെട്ടു.