ജനകീയ മെട്രോ യാത്രയെന്ന പേരില്‍, മെട്രോയില്‍ യാത്ര ചെയ്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ നിയമനടപടി ഉറപ്പായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന മെട്രോ യാത്രയില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് കെഎംആര്‍എല്‍ കണ്ടെത്തി. തുടര്‍നടപടികളുടെ ഭാഗമായി പൊലീസില്‍ പരാതി നല്‍കും. അതേസമയം കെഎംആര്‍എല്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് എറണാകുളം ഡിസിസിയുടെ പ്രതികരണം.
മെട്രോ ഉദ്ഘാടന ചടങ്ങ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് രാഷ്ട്രീയവല്ക്കരിച്ചെന്നാരോപിച്ചാണ് ഈ മാസം ഇരുപതാം തീയതി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്ക് മെട്രോയില്‍ യാത്ര ചെയ്ത് പ്രതിഷേധിച്ചത്. എന്നാല്‍ നേതാക്കള്‍ക്കൊപ്പമെത്തിയ അണികളുടെ തിരക്ക് മെട്രോ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചെന്നും ,യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഎം ജില്ലാ നേതൃത്വം ഇക്കാര്യങ്ങളുന്നയിച്ച് പരാതിയും നല്കി. ഇതേതുടര്‍ന്ന് കെഎംആര്‍എല്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് നിയമലംഘനങ്ങളുണ്ടായെന്ന് കണ്ടെത്തിയത്.
പി.റ്റി.സി 2002ലെ മെട്രോ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് നിയമത്തിന്റെ ലംഘനമുണ്ടായെന്നാണ് കെഎംആര്‍എലിന്റെ കണ്ടെത്തല്‍. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റം തെളിഞ്ഞാല്‍ കുറ്റക്കാരില്‍ നിന്ന് അഞ്ഞൂറ് രൂപ പിഴ ഈടാക്കുന്നതു മുതല്‍ അഞ്ചു വര്‍ഷം തടവുശിക്ഷ നല്കാന് വരെയുളള വ്യവസ്ഥകളുണ്ട്.
അതേസമയം യാത്രയില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞ കെഎംആര്‍എല്‍ ഇപ്പോള്‍ നിലപാട് മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം.