സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ കെ.ആർ. മോഹനൻ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് തൃശൂര്‍ ചാവക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ മോഹനൻ, മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. അശ്വത്ഥാമ (1978), പുരുഷാർഥം (1987), സ്വരൂപം (1992) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രങ്ങൾ. 2009ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.