പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ 94ാം ജന്മദിനം. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്ന ചടങ്ങ് എന്‍ഡിഎ ഇതര കക്ഷികളുടെ ശക്തിപ്രകടനം കൂടിയായി മാറി. എന്നാല്‍ അസുഖ ബാധിതനായി വിശ്രമിയ്ക്കുന്ന കരുണാനിധി ചടങ്ങിനെത്തിയില്ല.
ബഹുസ്വരതയ്ക്കെതിരെ ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നു ഒരുമിയ്ക്കാന്‍ നേരമായെന്ന ആഹ്വാനത്തോടെയാണ് ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ 94ാം ജന്മദിന ആഘോഷ ചടങ്ങ് അവസാനിച്ചത്. പിറന്നാളിനൊപ്പം കലൈഞ്ജറുടെ നിയമസഭാ പ്രവേശനത്തിന്റെ അറുപതാം വാര്‍ഷിക ദിനം കൂടി ആഘോഷിച്ചു. ബീഹാര്‍ മുഖ്യമന്തി നിതീഷ് കുമാര്‍ ഒഴികെയുള്ള നേതാക്കളെല്ലാം കേന്ദ്രസര്‍ക്കാരിനും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തിയതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നാഷണന്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും എം.കെ സ്റ്റാലിനോട് നന്ദി പറഞ്ഞു.
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി എന്നിവരും എന്‍സിപി, മുസ്ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഊന്നിയത് പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിലാണ്. ആയിരകണക്കിന് പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു.