ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ട പൊലീസ് സൂപ്രണ്ടിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലം മാറ്റി. ദലിത്....ഠാക്കൂര്‍ വിഭാഗങ്ങളുടെ സംഘര്‍ഷത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.
രവിദാസ് ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം ഡോ.ബി.ആര്.അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാനുള്ള ദലിതരുടെ ശ്രമം ഠാക്കൂര്‍ വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. ഈമാസം അഞ്ചിന് ഠാക്കൂര്‍ സമുദായക്കാരുടെ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടെ ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സമ്മേളനത്തിനു പിന്നാലെ സഹാരന്‍പൂര്‍ വീണ്ടും കലാപഭൂമിയായി.
ഠാക്കൂര്‍ വിഭാഗത്തിന്റെ പന്ത്രണ്ട് വീടുകള്‍ കത്തിച്ചെന്നാരോപിച്ച് ദലിതര്‍ക്കുനേരെ വെടിവയ്പ്പും ആക്രമണവുമുണ്ടായി. ആഭ്യന്തരസെക്രട്ടറി മനി പ്രസാദ് മിശ്രയുടെ നേതൃത്വത്തില്‍ സഹാരന്പൂരിലെത്തിയ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍സംഘത്തെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. കൃത്യവിലോപം ആരോപിച്ച് സീനിയര്‍ പൊലീസ് സൂപ്രണ്ടന്റ് എസ്.സി.ദുബേയെയും കലക്ടര്‍ എന്‍.പി.സിങ്ങിനേയും സ്ഥലം മാറ്റി.
സംഘര്‍ഷം തടയുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.എസ്.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഠാക്കൂര്‍ സമുദായാംഗമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദലിതര്‍ക്ക് സംരക്ഷണം നല്കുന്നതില് പരാജയപ്പെട്ടെന്നും പൊലീസും സര്‍ക്കാരും കടുത്ത അനീതിയാണ് കാട്ടുന്നതെന്നുമാരോപിച്ച് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും യു.പിയിലെ വിവിധയിടങ്ങളിലും പ്രതിഷധം ശക്തമാണ്.